ഹൃദയം തളർന്നിരിക്കുകയാണ്; കോവിഡ് മാറിയാലും മൂന്നു മാസത്തേക്ക് ആയാസംകൂടിയ ജോലികൾ വേണ്ട

രോ​ഗമുക്തി നേടിയവർ മൂന്നുമാസത്തേക്കെങ്കിലും ആയാസംകൂടിയ ജോലികളോ വ്യായാമമോ ചെയ്യരുതെന്ന് സർക്കാരിന്റെ കോവിഡാനന്തര ചികിത്സാമാർഗരേഖ നിർദേശിക്കുന്നു
ഹൃദയം തളർന്നിരിക്കുകയാണ്; കോവിഡ് മാറിയാലും മൂന്നു മാസത്തേക്ക് ആയാസംകൂടിയ ജോലികൾ വേണ്ട

തിരുവനന്തപുരം: കോവിഡ്  വൈറസ് രോ​ഗബാധിതരുടെ ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ തളർത്തുമെന്ന് മുന്നറിയിപ്പ്. അതിനാൽ രോ​ഗമുക്തി നേടിയവർ മൂന്നുമാസത്തേക്കെങ്കിലും ആയാസംകൂടിയ ജോലികളോ വ്യായാമമോ ചെയ്യരുതെന്ന് സർക്കാരിന്റെ കോവിഡാനന്തര ചികിത്സാമാർഗരേഖ നിർദേശിക്കുന്നു. ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുള്ളവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും രേഖയിൽ പറയുന്നു. 

പരിശോധനഫലം നെഗറ്റീവായശേഷവും ഹൃദയത്തെ ബാധിക്കുമെന്നതാണ് വൈറസ് രോഗങ്ങളുടെ പ്രത്യേകത. കൊറോണയ്ക്ക് ഇത്തരം ആഘാതശേഷി കൂടുതലാണ്. വൈറസുകൾ മിക്കപ്പോഴും ഹൃദയപേശികളെ ബാധിക്കാറുണ്ട്. അത് ഹൃദയത്തിന്റെ പമ്പിങ്ങിനെ നേരിട്ടുബാധിക്കുകയും ഹൃദയപരിക്ഷീണതയിലേക്ക്‌ നയിക്കുകയുംചെയ്യും. പമ്പിങ് ശേഷി കുറയുന്നത് ശ്വാസതടസ്സത്തിന്‌ കാരണമാവും.

കായികതാരങ്ങൾ കഠിനവ്യായാമങ്ങൾ കുറഞ്ഞത് ആറുമാസംവരെയെങ്കിലും ഒഴിവാക്കണമെന്നും നിർദേശമുണ്ട്. എല്ലാ വൈറസ് രോഗങ്ങൾക്കും ഈ ഭീഷണിയുണ്ടെന്ന് ആരോഗ്യവകുപ്പ് നോഡൽ ഓഫീസർ ഡോ. അമർ ഫെറ്റൽ പറഞ്ഞു. ഹൃദയത്തിന്‌ രക്തംനൽകുന്ന നാഡീവ്യൂഹത്തെ ബാധിച്ച് അവ വീർക്കാനും വൈറസ് കാരണമാവുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

രോഗലക്ഷണങ്ങളില്ലാതെയാണ് പലർക്കും കോവിഡ് വരുന്നത്. അതുകൊണ്ടുതന്നെ രോഗം ഹൃദയപേശികളെയും മറ്റും ബാധിക്കുന്നത് പെട്ടെന്ന് തിരിച്ചറിയണമെന്നില്ല. കോവിഡ് മുക്തരായവർ കുഴഞ്ഞുവീണ് മരിക്കുന്നതും മറ്റും ഇതുമൂലമാണ്. ഗുരുതരമായി കോവിഡ് ബാധിച്ചവർ ഹൃദയമടക്കം രോഗസാധ്യതയുള്ള എല്ലാ അവയവങ്ങളുടെയും പരിശോധന നടത്തുന്നത് നല്ലതാണ്. കോവിഡ് മുക്തനായി പത്തുദിവസത്തിനുശേഷമാണ്‌ യുവജനക്ഷേമബോർഡ് വൈസ് ചെയർമാൻ പി.ബിജു ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com