വ്യക്തിപരമായി അധിക്ഷേപിച്ചത് എന്തിനാണെന്ന് എല്ലാവര്‍ക്കും മനസ്സിലായി; സ്വര്‍ണ്ണക്കടത്തിന്റെ സൂത്രധാരന്‍ മുഖ്യമന്ത്രിയെന്ന് തെളിഞ്ഞു: കെ സുരേന്ദ്രന്‍

സ്വപ്ന സുരേഷ് ഇ ഡിക്ക് നല്‍കിയ മൊഴി പുറത്തുവന്നതോടെ സ്വര്‍ണ്ണക്കടത്തിന്റെ സൂത്രധാരന്‍ മുഖ്യമന്ത്രിയാണെന്ന് തെളിഞ്ഞെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍
വ്യക്തിപരമായി അധിക്ഷേപിച്ചത് എന്തിനാണെന്ന് എല്ലാവര്‍ക്കും മനസ്സിലായി; സ്വര്‍ണ്ണക്കടത്തിന്റെ സൂത്രധാരന്‍ മുഖ്യമന്ത്രിയെന്ന് തെളിഞ്ഞു: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സ്വപ്ന സുരേഷ് ഇ ഡിക്ക് നല്‍കിയ മൊഴി പുറത്തുവന്നതോടെ സ്വര്‍ണ്ണക്കടത്തിന്റെ സൂത്രധാരന്‍ മുഖ്യമന്ത്രിയാണെന്ന് തെളിഞ്ഞെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ബിജെപി മൂന്ന് മാസം മുമ്പ് ആരോപിച്ചതെല്ലാം ഇപ്പോള്‍ അന്വേഷണ ഏജന്‍സിക്ക് വ്യക്തമായി കഴിഞ്ഞു. അന്ന് മുഖ്യമന്ത്രി തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയത് എന്തിനാണെന്ന് എല്ലാവര്‍ക്കും മനസിലായി എന്നും സുരേന്ദ്രന്‍ പറഞ്ഞു. 

എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അദ്ദേഹത്തിന്റെ ഓഫീസിന് രാജ്യദ്രോഹകേസില്‍ പങ്കുണ്ടെന്നും വ്യക്തമായിരിക്കുകയാണ്. ധാര്‍മ്മികത ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് മുഖ്യമന്ത്രി രാജിവെക്കണം. രാജ്യത്തെ നാണംകെടുത്തിയ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് സിപിഎം കേന്ദ്രകമ്മിറ്റി മറുപടി പറയണം. സര്‍ക്കാരിനെതിരായ സമരം വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമാക്കും. മുഖ്യമന്ത്രിയും സര്‍ക്കാരും രാജിവെച്ചൊഴിയും വരെ പ്രതിഷേധങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയും യുഎഇ കോണ്‍സല്‍ ജനറലും 2017ല്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ സ്വകാര്യ കൂടിക്കാഴ്ച നടത്തിയെന്ന് എന്‍ഫോഴ്സ്മെന്റിന് സ്വപ്ന നല്‍കിയ മൊഴി പുറത്തുവന്നതിന് പിന്നാലെയാണ് പിണറായി വിജയന് എതിരെ കെ സുരേന്ദ്രന്‍ രംഗത്തുവന്നിരിക്കുന്നത്. 

യുഎഇ കോണ്‍സുലേറ്റും സര്‍ക്കാരും തമ്മിലുള്ള കാര്യങ്ങള്‍ക്ക് ശിവശങ്കറിന് ആയിരിക്കും ചുമതലയെന്ന് മുഖ്യമന്ത്രി അനൗദ്യോഗികമായി അറിയിച്ചിരുന്നു നഎന്നും അന്നുമുതല്‍ എല്ലാ കാര്യങ്ങള്‍ക്കും ശിവശങ്കര്‍ തന്നെ വിളിച്ചിരുന്നു എന്നും സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നു. മുഖ്യമന്ത്രിക്കും തന്നെ അറിയാമായിരുന്നെന്നും സ്പേസ് പാര്‍ക്കിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നെന്നും സ്വപ്ന മൊഴിയില്‍ പറയുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com