പെൺകെണി ഒരുക്കി കൊച്ചിയിലേക്ക് വിളിച്ചുവരുത്തി, കൊല്ലാൻ ക്വട്ടേഷൻ നൽകിയത് ബന്ധു; 4 പേർ അറസ്റ്റിൽ

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 31st October 2020 08:24 AM  |  

Last Updated: 31st October 2020 08:24 AM  |   A+A-   |  

divakaran

കൊല്ലപ്പെട്ട ദിവാകരൻ നായർ, അറസ്റ്റിലായ ഷാനിഫയും അനിൽകുമാറും

 

കൊച്ചി; ഇൻഫോപാർക്കിന് സമീപം കൊല്ലം സ്വദേശി ദിവ‌ാകരൻ നായരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. വസ്തു തർക്കത്തെത്തുടർന്ന് ബന്ധു നൽകിയ ക്വട്ടേഷനിലാണ് കൊലപാതകം നടത്തിയത്. പെൺകെണി ഒരുക്കി കൊല്ലത്തുനിന്ന് കൊച്ചിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പടെ നാല് പ്രതികൾ അറസ്റ്റിലായി. 

കോട്ടയം പൊൻകുന്നം കായപ്പാക്കൻ വീട്ടിൽ അനിൽകുമാർ (45), ഇയാളുടെ സുഹൃത്ത് കോട്ടയം ചിറക്കടവ് പച്ചിമല പന്നമറ്റം കരയിൽ ചരളയിൽ വീട്ടിൽ സി.എസ്.രാജേഷ് (37), കോട്ടയം ആലിക്കൽ അകലക്കുന്നം കിഴക്കടം കണ്ണമല വീട്ടിൽ സഞ്ജയ് (23), രാജേഷിന്റെ പെൺസുഹൃത്ത് കൊല്ലം കുമിൾ കുഴിപ്പാറ തൃക്കണാപുരം ഷാനിഫ (55) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ ഒരാൾ കൂടി പിടിയിലാവാനുണ്ട്.

ദിവാകരൻ നായരുടെ സഹോദരന്റെ മരുമകളുടെ പിതാവാണ് അറസ്റ്റിലായ അനിൽകുമാർ. ഇയാൾ ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘമാണ് കൊലപാതകം നടത്തിയത്. നാട്ടിലെ കുടുംബസ്വത്തു പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ടു ദിവാകരൻ നായരും അനുജൻ മധുസൂദനൻ നായരും 15 വർഷമായി തർക്കം നിലനിൽക്കുന്നുണ്ട്. മകനും മരുമകൾക്കും പണത്തിന് അത്യാവശ്യമുണ്ടായപ്പോൾ, തർക്കസ്ഥലം അളന്നു തിരിച്ചു വിൽക്കാനായി മധുസൂദനൻ നായരുടെ നേതൃത്വത്തിൽ ശ്രമം നടത്തി. എന്നാൽ, ഇതിനെ ദിവാകരൻ നായർ എതിർത്തു. തുടർന്നു മധുസൂദനന്റെ മരുമകളുടെ പിതാവ് അനിൽകുമാറിന്റെ നേതൃത്വത്തിൽ ഗുണ്ടാസംഘം പൊൻകുന്നത്തു നിന്നെത്തി പ്രശ്നത്തിൽ ഇടപെട്ടു.ഇത‌ു സംഘർഷത്തിൽ കലാശിച്ചു. തുടർന്നാണു ദിവാകരൻ നായരെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.

ഷാനിഫയുടെ സഹായത്തോടെ ദിവാകരൻ നായരെ കൊച്ചിയിലേക്കു വിളിച്ചു വരുത്തി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നേരത്തെ തന്നെ കൊച്ചിയിലെത്തി ദിവാകരനെ പിന്തുടർന്നു. രാത്രി തൃക്കാക്കര ക്ഷേത്രത്തിനു സമീപംഓട്ടോയിൽ വന്നിറങ്ങിയ അദ്ദേഹത്തെ ബലമായി കാറിൽ പിടിച്ചു കയറ്റിക്കൊണ്ടു പോയ സംഘം മർദിച്ചു കൊലപ്പെടുത്തി. രാത്രി വൈകി കരിമുകൾ–ഇൻഫോ പാർക്ക് റോഡിൽ ബ്രഹ്മപുരത്തു കെഎസ്ഇബിയുടെ ആളൊഴിഞ്ഞ സ്ഥലത്തു മൃതദേഹം ഉപേക്ഷിച്ചു പ്രതികൾ പൊൻകുന്നത്തേയ്ക്കു മടങ്ങുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.