ഇതിലും വലുതൊന്നും വരാനില്ല; വ്യാജ ഒപ്പ് ആരോപണത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് പികെ കുഞ്ഞാലിക്കുട്ടി

ഒപ്പ് വ്യാജമാണെങ്കില്‍ ഗുരുതരമായ കാര്യമാണ്. ഒരാളുടെ ഒപ്പിടാന്‍ മറ്റാര്‍ക്കും അധികാരമില്ല
ഇതിലും വലുതൊന്നും വരാനില്ല; വ്യാജ ഒപ്പ് ആരോപണത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഒപ്പ് വിവാദത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഒപ്പ് വ്യാജമാണെങ്കില്‍ ഗുരുതരമായ കാര്യമാണ്. ഒരാളുടെ ഒപ്പിടാന്‍ മറ്റാര്‍ക്കും അധികാരമില്ല. അത് വ്യാജ ഒപ്പാണെങ്കില്‍  അതിനെക്കാള്‍ വലുതായി ഒന്നുമില്ല. ഇനി അതും കൂടിയെ ബാക്കിയുണ്ടായിരുന്നുള്ളുവെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തന്നെ ഉടന്‍ മറുപടി പറയണമെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിടുന്നുവരുണ്ടെന്ന ബിജെപി നേതാവിന്റെ ആരോപണത്തിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. 

മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ ചികില്‍സയിലിരിക്കേ സര്‍ക്കാര്‍ ഫയലില്‍ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിട്ടെന്ന ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാരിയര്‍ രംഗത്തെത്തിയിരുന്നു. 2018 സെപ്റ്റംബര്‍ രണ്ടിനാണ് മുഖ്യമന്ത്രി കേരളത്തില്‍നിന്ന് അമേരിക്കയിലേക്കു പോയത്.‌ തിരിച്ചു വന്നത് സെപ്റ്റംബര്‍ 23നും. മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ഫയല്‍ മൂന്നാം തീയതിയാണ് പൊതുഭരണവിഭാഗത്തില്‍നിന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലേക്കെത്തുന്നത്. സെപ്റ്റംബര്‍ 9നാണ് മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടതായി രേഖകളില്‍ കാണുന്നത്. ഡിജിറ്റല്‍ ഒപ്പല്ല ഫയലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍കാല പ്രാബല്യത്തോടെ ഒപ്പിടാന്‍ കഴിയില്ല, അതു 13ന് ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് തിരികെ അയയ്ക്കുമ്പോഴും മുഖ്യമന്ത്രി കേരളത്തിലില്ല. കേരളത്തില്‍ രണ്ടു മുഖ്യമന്ത്രിമാരുണ്ടോയെന്നു സംശയിക്കേണ്ട സാഹചര്യമാണെന്നു സന്ദീപ് പറഞ്ഞു.

മുഖ്യമന്ത്രിക്കു പകരം ശിവശങ്കറാണോ സ്വപ്നയാണോ ഫയലില്‍ ഒപ്പിട്ടതെന്നു വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിടുന്നയാള്‍ ഓഫിസിലുണ്ടോ എന്നു കണ്ടെത്താന്‍ അന്വേഷണം നടത്തണം. മുഖ്യമന്ത്രി ഒപ്പിട്ട എല്ലാ ഫയലുകളും പരിശോധനയ്ക്കു വിധേയമാക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com