ദലിതരുടെ മുടിവെട്ടില്ല ; 45 കിലോമീറ്റര്‍ സഞ്ചരിക്കണം ; ബാര്‍ബര്‍ഷോപ്പില്‍ പോകണമെങ്കില്‍ സ്‌കൂളിന് അവധി ; വട്ടവടയില്‍ ജാതി വിവേചനം രൂക്ഷം

സംഭവം വിവാദമായതോടെ വിഷയത്തില്‍ പട്ടികജാതി ക്ഷേമ സമിതി ഇടപെട്ടു
പി കെ എസിന്റെ നേതൃത്വത്തിൽ നടന്ന യോ​ഗം
പി കെ എസിന്റെ നേതൃത്വത്തിൽ നടന്ന യോ​ഗം

ഇടുക്കി : ഇടുക്കി ജില്ലയിലെ വട്ടവടയില്‍ ദലിത് വിഭാഗത്തില്‍ പെട്ടവര്‍ക്ക്  മുടിയും താടിയും വെട്ടുന്നതിന് ബാര്‍ബര്‍ ഷോപ്പുകളില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നതായി പരാതി. യുവാക്കള്‍ ജാതി വിവേചനത്തിനെതിരെ പഞ്ചായത്തില്‍ പരാതിയുമായി എത്തുകയായിരുന്നു. തുടര്‍ന്ന് ജാതി വിവേചനം ഉള്ള ബാര്‍ബര്‍ ഷോപ്പ് പഞ്ചായത്ത് അടപ്പിച്ചു. 

കാലങ്ങളായി ഇവിടെ ജാതിവിവേചനം നിലനിന്നിരുന്നു. എന്നാല്‍ സമീപദിവസങ്ങളിലാണ് ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നത്. ദലിത് വിഭാഗത്തില്‍ പെട്ടവരുടെ മുടിവെട്ടാന്‍ കഴിയില്ലെന്ന് ബാര്‍ബര്‍ ഷോപ്പുടമകള്‍ നിലപാടെടുത്തതോടെ പ്രതിഷേധം ശക്തമായി. 

സംഭവം വിവാദമായതോടെ വിഷയത്തില്‍ പട്ടികജാതി ക്ഷേമ സമിതി ഇടപെട്ടു.  ജാതി വിവേചനം അവസാനിപ്പിക്കണമെന്നും പൊതുവായ ബാര്‍ബര്‍ ഷോപ്പ് വേണമെന്നും ആവശ്യം ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് പഞ്ചായത്തും പട്ടികജാതി ക്ഷേമ സമിതി ഇടപെട്ട്  വട്ടവടയില്‍ പൊതു മുടിവെട്ട് കേന്ദ്രം ആരംഭിക്കാന്‍ തീരുമാനിച്ചു. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം അനുവദിക്കുമെന്നും ധാരണയായി.

തമിഴ്നാട്ടിൽ നിന്ന് കുടിയേറി വനപ്രദേശത്തോട് ചേർന്ന് താമസിക്കുന്നവരാണ് വിവേചനം ഏറെയും അനുഭവിച്ചിരുന്നത്. ജാതി വിവേചനത്തെ തുടര്‍ന്ന് 45 കിലോമീറ്റര്‍ വരെ ദൂരെ പോയാണ് വട്ടവടയിലെ ചക്ലിയ വിഭാഗക്കാര്‍ മുടിവെട്ടിയിരുന്നത്. മുടിവെട്ടാന്‍ കുട്ടികള്‍ക്ക് സ്കൂളില്‍ നിന്ന് അവധി കൊടുക്കുന്ന സാഹചര്യമാണ് പ്രദേശത്തുണ്ടായിരുന്നത്. പൊതു ബാര്‍ബര്‍ ഷാപ്പിന്‍റെ പ്രവര്‍ത്തനം നാലു ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് സോമപ്രസാദ് എംപി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com