അര്‍ഹതയുള്ള ഒട്ടേറെപ്പേരുണ്ട്, മുഖ്യമന്ത്രി ആരാവുമെന്ന് ഇപ്പോള്‍ പറയാനാവില്ല: ഉമ്മന്‍ ചാണ്ടി 

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയുടേത് മികച്ച പ്രവര്‍ത്തനമാണ്
ഉമ്മന്‍ ചാണ്ടി/ഫയല്‍
ഉമ്മന്‍ ചാണ്ടി/ഫയല്‍

കോട്ടയം: കേരളത്തില്‍ തെരഞ്ഞെടുപ്പിനു ശേഷം യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് ഉറപ്പാണെന്നും എന്നാല്‍ മുഖ്യമന്ത്രി ആരായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രിപദത്തിന് അര്‍ഹതയുള്ള ഒട്ടേറെ നേതാക്കള്‍ കോണ്‍ഗ്രസിലുണ്ടെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണ് തീരുമാനമെടുക്കുകയെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തില്‍ ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

''മുഖ്യമന്ത്രി ആരാവും എന്നതിനെപ്പറ്റി യുഡിഎഫില്‍ തര്‍ക്കമൊന്നും ഉണ്ടാവില്ല. എന്നാല്‍ അത് ആരാണ് എന്ന് ഇപ്പോള്‍ പറയാനാവില്ല. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണ് തീരുമാനമെടുക്കുക. അര്‍ഹതപ്പെട്ട ഒരുപാടു നേതാക്കള്‍ കോണ്‍ഗ്രസിലുണ്ട്.''- ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയുടേത് മികച്ച പ്രവര്‍ത്തനമാണ്. അദ്ദേഹം ഉന്നയിച്ച ഒരു വിഷയത്തിനു പോലും ജനപിന്തുണ ലഭിക്കാതിരുന്നിട്ടില്ല. അദ്ദേഹവും മുഖ്യമന്ത്രിപദത്തിന് അര്‍ഹനാണ്. എന്നാല്‍ തീരുമാനം ഹൈക്കമാന്‍ഡിന്റേതാണ്- ഉമ്മന്‍ ചാണ്ടി വിശദീകരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം യുഡിഎഫ് അധികാരത്തില്‍ എത്തും എന്നതില്‍ സംശയമൊന്നുമില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20ല്‍ 19 സീറ്റിലും ജയിക്കാന്‍ മാത്രമല്ല, വന്‍ ഭൂരിപക്ഷം നേടാനും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കു കഴിഞ്ഞു. അത് മുന്നണിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. തുടര്‍ച്ചയായ വിവാദങ്ങള്‍ എല്‍ഡിഎഫിനെ കൂടുതല്‍ ക്ഷീണിപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി അതിനെയെല്ലാം അവഗണിച്ചു തള്ളുകയാണെങ്കിലും ജനങ്ങള്‍ക്കു കാര്യങ്ങള്‍ മനസ്സിലായിട്ടുണ്ട്. ഓണക്കിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ജനങ്ങളെ നേരിട്ടു ബാധിക്കുന്നതാണ്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം ഒരുതരത്തിനും എല്‍ഡിഎഫിന് അനുകൂലമല്ല- ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഉപതെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടെന്ന് യുഡിഎഫ് പറയുന്നത് പേടി കൊണ്ടല്ല. കോവിഡ് ഭീതി മൂലം ജനങ്ങള്‍ പുറത്തിറങ്ങാന്‍ മടിക്കുകയാണ്. ഉപതെരഞ്ഞെടുപ്പുകള്‍ ജയിക്കുമെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യക്തമായ മുന്‍തൂക്കം നേടുമെന്നും ഞങ്ങള്‍ക്കുറപ്പുണ്ട്. എന്നാല്‍ ജനങ്ങളുടെ ഉത്കണ്ഠകള്‍ അവഗണിക്കാന്‍ യുഡിഎഫിനാവില്ല.

ജോസ് കെ മാണി വിഭാഗം വിട്ടുപോവുന്നത് യുഡിഎഫിനെ ബാധിക്കില്ല. അവര്‍ തമ്മിലുള്ള പ്രശ്‌നം തീര്‍ക്കാന്‍ യുഡിഎഫ് നേതൃത്വം ആവുന്നത്ര ശ്രമിച്ചിട്ടുണ്ട്. ധാരണ ലംഘിച്ചു പ്രവര്‍ത്തിച്ചത് ജോസ് കെ മാണിയാണ്. എന്നിട്ടും ഇപ്പോഴും അവരെ യുഡിഎഫ് പുറത്താക്കിയിട്ടില്ല. എന്നാല്‍ കെഎം മാണിയെ രാഷ്ട്രീയ ജീവിതത്തില്‍ ഉടനീളം വേട്ടയാടിയവരുമായി ചേരാന്‍ ജോസ് കെ മാണി തീരുമാനിക്കുകയായിരുന്നു. മാണിയുടെ ആത്മാവ് അതിനോടു പൊറുക്കില്ല. ജോസ് ചെയ്തതു തെറ്റായിരുന്നുവെന്ന് ചരിത്രം തെളിയിക്കും- ഉമ്മന്‍ ചാണ്ടി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com