മതത്തിന്റെ പേരില്‍ രക്തസാക്ഷി പരിവേഷം നേടാന്‍ ശ്രമം, ജലീലിന്റെ ഇരവാദം അപഹാസ്യമെന്ന് കെ സുരേന്ദ്രന്‍

വിഷയത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള അപഹാസ്യമായ ശ്രമമാണ് സിപിഎം നടത്തുന്നത്
മതത്തിന്റെ പേരില്‍ രക്തസാക്ഷി പരിവേഷം നേടാന്‍ ശ്രമം, ജലീലിന്റെ ഇരവാദം അപഹാസ്യമെന്ന് കെ സുരേന്ദ്രന്‍


തിരുവനന്തപുരം : ഖുറാന്റെ മറവില്‍ ഇരവാദത്തിനാണ് കെ ടി ജലീല്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഇത് അപഹാസ്യമാണ്. ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്തത് ചട്ടലംഘനത്തിന്റെ പേരിലല്ല, മറിച്ച് തീവ്രവാദം, ഇതിനുള്ള ധനസമാഹാരണം അടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടാണ്. ജലീലിന് അന്വേഷണ ഏജന്‍സി ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. എന്നാല്‍ മതത്തിന്റെപേരില്‍ രക്തസാക്ഷി പരിവേഷം നേടാനാണ് ജലീല്‍ ശ്രമിക്കുന്നതെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. 

വിഷയത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള അപഹാസ്യമായ ശ്രമമാണ് സിപിഎം നടത്തുന്നത്. പ്രതിപക്ഷ പ്രതിഷേധം ഖുറാന്‍ അവഹേളനമാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയിലൂടെ, വര്‍ഗീയ വാദം നടത്താനാണ് ശ്രമിക്കുന്നത്. മതത്തിന്റെ സൂചകമായി ജലീലിനെ ഉയര്‍ത്തിക്കാട്ടുന്നു. വിശുദ്ധ ഗ്രന്ഥമായ ഖുറാനെ മേമ്പൊടിയായി ഉപയോഗിക്കുകയാണ്. വര്‍ഗീയവല്‍ക്കരിച്ച് നേട്ടമുണ്ടാക്കാമെന്ന സിപിഎമ്മിന്റെ കുത്സിത നീക്കത്തെ കേരളത്തിലെ പ്രബുദ്ധ ജനത പുച്ഛിച്ചു തള്ളുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

ഖുറാന്റെ പരിശുദ്ധി കളഞ്ഞുകുളിച്ചത് ജലീലാണ്. വിശുദ്ധഗ്രന്ഥത്തെ കള്ളക്കടത്തിന് മറയാക്കുന്നത് ഈ നാട്ടിലെ സത്യവിശ്വാസികള്‍ അംഗീകരിക്കുമോ. ഖുറാന്‍ വിതരണം ചെയ്തതില്‍ ആര്‍ക്കും പരാതിയില്ല. ഖുറാന്‍ വിതരണം ചെയ്യാനാണെങ്കില്‍ വഖഫ് ബോര്‍ഡിന്റെ ഓഫീസിലേക്ക് കൊണ്ടുപോകാമായിരുന്നില്ലേ. പരസ്യമായി കൊണ്ടുപോകാമായിരുന്നില്ലേ. എന്തിന് രഹസ്യമായി വെച്ചുവെന്ന് സുരേന്ദ്രന്‍ ചോദിച്ചു. 

ഖുറാനെ പരിഹസിച്ചതും അപമാനിച്ചതും ജലീലാണ്. കള്ളക്കടത്തിന് ഖുറാനെ ആയുധമാക്കിയവാണ്, ഇപ്പോള്‍ മതത്തെ വെച്ച് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. ഖുറാന്റെ മറവില്‍ മാത്രമല്ല കള്ളക്കടത്തു നടത്തുന്നത്. ഈന്തപ്പഴത്തിന്റെയും പൈപ്പ് ഫിറ്റിംഗിന്റെയും മറവിലും കള്ളക്കടത്തു നടത്തി.ഈന്തപ്പഴത്തിനും വര്‍ഗീയ ലേബല്‍ ചാര്‍ത്താനാകുമോയെന്നാണ് സിപിഎം നോക്കുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com