മാതാവിന്റെ മരണം എട്ട് വർഷം മറച്ചു വച്ച് പത്ത് ലക്ഷം രൂപയുടെ പെൻഷൻ തുക തട്ടിയെടുത്തു; മകളും ചെറുമകനും ഒളിവിൽ 

മാതാവിന്റെ മരണം എട്ട് വർഷം മറച്ചു വച്ച് പത്ത് ലക്ഷം രൂപയുടെ പെൻഷൻ തുക തട്ടിയെടുത്തു; മകളും ചെറുമകനും ഒളിവിൽ 
മാതാവിന്റെ മരണം എട്ട് വർഷം മറച്ചു വച്ച് പത്ത് ലക്ഷം രൂപയുടെ പെൻഷൻ തുക തട്ടിയെടുത്തു; മകളും ചെറുമകനും ഒളിവിൽ 

തിരുവനന്തപുരം: മാതാവ് മരിച്ച വിവരം എട്ട് വർഷം മറച്ചു വച്ച് കെഎസ്ഇബി ജീവനക്കാരന്റെ ഫാമിലി പെൻഷൻ തട്ടിയെടുത്ത കേസിൽ മകളേയും, ചെറുമകനേയും പൊലീസ് തിരയുന്നു. പത്ത് ലക്ഷത്തോളം രൂപയാണ് ഇരുവരും കബളിപ്പിച്ച് സ്വന്തമാക്കിയത്. അതിയന്നൂർ അരങ്കമുകൾ ബാബു സദനത്തിൽ അംബിക, മകൻ പ്രിജിത് ലാൽ ബാബു എന്നിവർക്ക്  എതിരെയാണ് കേസ്. തട്ടിപ്പ് പുറത്തു വന്നതിന് പിന്നാലെ  ഇരുവരും ഒളിവിലാണ്. 

കെഎസ്ഇബി നെയ്യാറ്റിൻകര ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എസ് മിനി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവർക്കും എതിരെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തത്. രേഖകൾ പരിശോധിക്കാതെ ഇത്ര ദീർഘമായ കാലം പെൻഷൻ നൽകിയ കാര്യത്തിൽ ജീവനക്കാർക്കു കൂടി പങ്കുണ്ടോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. 

കെഎസ്ഇബി ജീവനക്കാരനായിരുന്ന അപ്പുക്കുട്ടന്റെ മരണത്തെ തുടർന്നാണ് ഭാര്യ പൊന്നമ്മയ്ക്ക് ഫാമിലി പെൻഷൻ ലഭിച്ചു തുടങ്ങിയത്. ചെറുമകൻ പ്രിജിത് ലാൽ ബാബുവാണ് പൊന്നമ്മയോടൊപ്പം എത്തി അക്കൗണ്ട് ഉൾപ്പടെയുള്ള ബാങ്ക് നടപടികൾ ശരിയാക്കി കൊടുത്തിരുന്നത്. 2012ൽ പൊന്നമ്മ മരിച്ചു.

എന്നാൽ മരിച്ച വിവരം കെഎസ്ഇബിയെ അറിയിക്കാതെ ബാങ്കിൽ കൃത്രിമം കാട്ടി മകൾ അംബികയും  മകൻ പ്രേംജിത് ലാൽബാബുവും ചേർന്ന് മാസം തോറും പെൻഷൻ തുക ബാങ്കിൽ നിന്നു എടുക്കുകയായിരുന്നത്രെ. 86 മാസം കൊണ്ടാണ് 10.68 ലക്ഷം രൂപ തട്ടിയത്. പെൻഷൻകാരി ജീവിച്ചിരുപ്പുണ്ടെന്ന ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാലേ തുടർന്ന് പെൻഷൻ നൽകുവെന്ന് അറിയിപ്പുണ്ടായതിനെത്തുടർന്ന് പൊന്നമ്മയുടെ സർട്ടിഫിക്കറ്റ് കിട്ടാതായപ്പൊഴാണ് അന്വേഷണം നടന്നതും തട്ടിപ്പു വെളിച്ചത്തായതും.

തുടർന്ന് ഇരുവരും ഓഫീസിലെത്തി ജൂലൈ 30ന് മുൻപ് തട്ടിയെടുത്ത മുഴുവൻ തുകയും ഉടനെ അടച്ചു കൊള്ളാമെന്ന് ഉറപ്പ് നൽകി. പക്ഷെ ഉറപ്പ് പാലിച്ചില്ല. പിന്നീട് രണ്ട് മുദ്രപ്പത്രത്തിൽ  മുഴുവൻ തുകയും ഓഗസ്റ്റ് 14ന് നൽകാമെന്ന് എഴുതി കൊടുത്തു.  അതും നടക്കാതെ വന്നതിനെ തുടർന്നാണ് അധികൃതർ പൊലീസിനെ സമീപിച്ചത്. നെയ്യാറ്റിൻകര സ്റ്റേഷൻ ഹൗസ് ഓഫീസർ പി ശ്രീകുമാരൻ നായരാണ് കേസന്വേഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com