ഒരുമിച്ചു താമസിക്കുന്നവരെ വിവാഹിതരെപ്പോലെ കണക്കാക്കണം; ഹൈക്കോടതി

കുഞ്ഞുങ്ങളുടെ അവകാശത്തിൽ വിവാഹിത ദമ്പതിമാരുടേതിൽനിന്നു വ്യത്യാസങ്ങൾ പാടില്ലെന്നും ഹൈക്കോടതി പറഞ്ഞു
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം

കൊച്ചി; വിവാഹിതരാകാതെ ഒരുമിച്ചു താമസിക്കുന്ന സ്ത്രീപുരുഷന്മാരെ വിവാഹിതരെപ്പോലെ കണക്കാക്കണമെന്ന് ഹൈക്കോടതി. ഇവരുടെ കുഞ്ഞുങ്ങളുടെ അവകാശത്തിൽ വിവാഹിത ദമ്പതിമാരുടേതിൽനിന്നു വ്യത്യാസങ്ങൾ പാടില്ലെന്നും ഹൈക്കോടതി പറഞ്ഞു. വിവാഹം കഴിക്കുന്നതിന് മുൻപുണ്ടായ കുഞ്ഞിന്റെ അവകാശത്തെ സംബന്ധിച്ച തർക്കത്തിലാണ് നിരീക്ഷണം. 

വിവാഹിതരാകാതെ ഒരുമിച്ചു താമസിച്ചവർക്കുണ്ടായ കുഞ്ഞിനെ അമ്മ ശിശുക്ഷേമ സമിതിയെ ഏൽപ്പിച്ചു. കുഞ്ഞിനെ സമിതി ദത്തുനൽകി. എന്നാൽ, കുഞ്ഞിനെ തിരികെക്കിട്ടണമെന്ന് ജന്മംനൽകിയ മാതാപിതാക്കൾ നൽകിയ അപേക്ഷയിൽ കുഞ്ഞിനെ അവർക്കു തിരികെനൽകാൻ കോടതി നിർദേശിച്ചു. ബാലനീതി നിയമപ്രകാരം കുഞ്ഞിന്റെ സംരക്ഷണകാര്യങ്ങളിൽ അവിവാഹിത ദമ്പതിമാർക്ക് പൂർണ അവകാശമുണ്ടെന്നു നിരീക്ഷിച്ചാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി.

2018-ലെ പ്രളയദുരിതാശ്വാസ പ്രവർത്തനത്തിനിടെ പരിചയപ്പെട്ട യുവതിയും യുവാവും ഒന്നിച്ചു താമസിക്കുകയായിരുന്നു.  2020 ഫെബ്രുവരിയിൽ ഇവർക്ക് പെൺകുഞ്ഞ് ജനിച്ചു. എന്നാൽ ജോലിയാവശ്യത്തിനായി യുവാവ് കേരളത്തിനു പുറത്തുപോയതോടെ ഇവരുടെ ബന്ധത്തിൽ അകൽച്ചയുണ്ടായി. തുടർന്നാണ് മാസങ്ങൾ പ്രായമുള്ള കുഞ്ഞിനെ  ജില്ലാ ശിശുക്ഷേമ സമിതിയെ ഏൽപ്പിക്കുകയും ദത്തു നൽകാൻ തീരുമാനിക്കുകയുമായിരുന്നു. 

‘അവിവാഹിത അമ്മ’യായി കണക്കാക്കിയാണ് ദത്തിനുള്ള പ്രഖ്യാപനത്തിന് ശിശുക്ഷേമ സമിതി നടപടി സ്വീകരിച്ചത്. ഫെബ്രുവരിയിൽ കുഞ്ഞിനെ ദത്തു നൽകി. ഇതിനുശേഷമാണ് ദമ്പതികൾ കുഞ്ഞിനെ തിരികെവേണമെന്ന അപേക്ഷയുമായി കോടതിയെ സമീപിച്ചത്. കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിൽ മാതാപിതാക്കളായി ഇരുവരുടെയും പേരുണ്ട്. അതിനാൽ കുഞ്ഞിനെ ദത്ത് നൽകാനുള്ള രേഖ അന്തിമമാക്കുംമുമ്പ് സമിതി ഇരുവരുടെയും സമ്മതം തേടേണ്ടിയിരുന്നുവെന്ന് കോടതി പറഞ്ഞു. ഇവിടെ മാതാവിന്റെ മാത്രം സമ്മതമേ ലഭിച്ചിട്ടുള്ളൂ. അതിനാൽ ദത്തും നിയമപരമല്ലെന്നും കോടതി വിലയിരുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com