മാളുകളിലും മാര്‍ക്കറ്റുകളിലും പ്രവേശനത്തിന് സര്‍ട്ടിഫിക്കറ്റ് ; പൊതുചടങ്ങുകളില്‍ 100 പേര്‍, വിവാഹത്തിന് മുന്‍കൂര്‍ അനുമതി ; സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍

അടുത്ത രണ്ടു ദിവസം രണ്ടര ലക്ഷം കോവിഡ് പരിശോധനകള്‍ നടത്താനും തീരുമാനിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മാര്‍ക്കറ്റുകളിലും  മാളുകളിലും പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെയും രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവരെയുമാണ് ഇനി പ്രവേശിപ്പിക്കുകയുള്ളൂ. 

പൊതു ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണവും കുറച്ചു. പരമാവധി 50 മുതല്‍ 100 പേര്‍ വരെയേ പങ്കെടുക്കാവൂ. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ പൊതു ചടങ്ങുകള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം. പരിശോധനയുടെ ചുമതല പൊലീസിന് നല്‍കി. 

അടുത്ത രണ്ടു ദിവസം രണ്ടര ലക്ഷം കോവിഡ് പരിശോധനകള്‍ നടത്താനും തീരുമാനിച്ചു. ഏറ്റവും കൂടുതല്‍ പരിശോധന നടത്തുക എറണാകുളം ജില്ലയിലാണ്. 30,900 ഓളം പേരെ രണ്ട് ദിവസം കൊണ്ട് പരിശോധിക്കാനാണ് തീരുമാനം. 

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരെയാകും പ്രധാനമായും പരിശോധിക്കുക. ഇതിനായി രാഷ്ട്രീയപാര്‍ട്ടികളുടെ സഹകരണം തേടാനും ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു. സംസ്ഥാനത്തെ ആശുപത്രികളിലെ തീവ്രപരിചരണവിഭാഗങ്ങളിൽ കൂടുതൽ കിടക്കകൾ സജ്ജീകരിക്കാനും ധാരണയായി. 

സംസ്ഥാനത്ത് കൂടുതൽ വാക്സീൻ എത്തിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ തീരുമാനമായി. ഈ മാസം 19 മുതൽ കൂടുതൽ മാസ് വാക്സീൻ വിതരണകേന്ദ്രങ്ങൾ സജ്ജമാക്കും. വാക്സീൻ വിതരണം ത്വരിതഗതിയിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com