'മദ്യം വാങ്ങാനും വേണം വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും ആര്‍ടിപിസിആര്‍ ഫലവും' ; തിരക്കില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി

'പലയിടത്തും കന്നുകാലികളോടെന്ന പോലെയാണ് മദ്യം വാങ്ങാനെത്തുന്നവരോട് പെരുമാറുന്നത്'
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി :  മദ്യവില്‍പ്പനശാലകളിലെ തിരക്കില്‍ വീണ്ടും ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. കടകളില്‍ പോകാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ, കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാഫലമോ വേണം. എന്നാല്‍ എന്തുകൊണ്ട് പുതുക്കിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ മദ്യശാലകള്‍ക്ക് ബാധകമാക്കുന്നില്ല എന്നും കോടതി ചോദിച്ചു.

മദ്യശാലകളില്‍ കോവിഡ് പരിശോധനാഫലം വേണ്ടേ എന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആരാഞ്ഞു. മദ്യശാലകളിലും കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ, ആര്‍ടിപിസിആര്‍ ഫലമോ നിര്‍ബന്ധമാക്കണം. അങ്ങനെയെങ്കില്‍ മദ്യം വാങ്ങേണ്ടതിനാല്‍ പരമാവധി ആളുകള്‍ വാക്‌സിന്‍ എടുക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. 

മദ്യവില്‍പ്പന കടകള്‍ക്ക് മുന്നില്‍ ഇപ്പോഴും തിരക്കാണ്. ബാരിക്കേഡ് വെച്ച് അടിച്ച് ഒതുക്കിയാണ് തിരക്ക് നിയന്ത്രിക്കുന്നത്. പലയിടത്തും കന്നുകാലികളോടെന്ന പോലെയാണ് മദ്യം വാങ്ങാനെത്തുന്നവരോട് പെരുമാറുന്നത്. ഔട്ട്‌ലെറ്റുകളിലെ സ്ഥിതി നേരിട്ട് ബോധ്യപ്പെട്ടതാണെന്നും കോടതി പറഞ്ഞു. 

മദ്യശാലകളില്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരിന്റെ നിലപാട് കോടതി ചോദിച്ചു. നാളെത്തന്നെ നിലപാട് അറിയിക്കണമെന്നും സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കേസ് നാളെ വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com