വാദപ്രതിവാദങ്ങള്‍ കൊണ്ട് ആദിവാസികൾക്ക് ഒരു ഗുണവുമില്ല; അവരെ സ്വയം പര്യാപ്തതയിലെത്തിക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി കെ രാധാകൃഷ്ണന്‍

ആദിവാസികളുടെ ജീവിതം മെച്ചപ്പെടുത്താന്‍ എന്താണോ ചെയ്യേണ്ടത്, അത് ചെയ്യാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടുണ്ട്
മന്ത്രി രാധാകൃഷ്ണൻ മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടെലിവിഷൻ ദൃശ്യം
മന്ത്രി രാധാകൃഷ്ണൻ മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടെലിവിഷൻ ദൃശ്യം

തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങള്‍ സ്വയം പര്യാപ്തതയിലെത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ എന്തുകൊടുത്തിട്ടും കാര്യമില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. അിനുള്ള കര്‍മ്മപദ്ധതികള്‍ തയ്യാറാക്കി വരികയാണ്. അവരുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയ്ക്ക് മുന്നിലെ അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹിക അടുക്കള നടത്തുന്നുണ്ട്. സിവില്‍ സപ്ലൈസിന്റെ അരിയും അംഗന്‍വാടിയിലൂടെ പോഷകാഹാരങ്ങളും നല്‍കുന്നുണ്ട്. ഇതുകൂടാതെ ട്രൈബല്‍ വകുപ്പില്‍ നിന്നും ഗര്‍ഭിണിയായി മൂന്നുമാസം കഴിഞ്ഞാല്‍ കുട്ടിക്ക് ഒരു വയസ്സാകുന്നതു വരെ രണ്ടായിരം രൂപ വരെ നല്‍കുന്നുണ്ട്. ഇതെല്ലാം നല്‍കിയാലും അവരെ സ്വയംപര്യാപ്തതയിലേക്ക് എത്തിക്കാന്‍ നമുക്ക് കഴിഞ്ഞില്ലെങ്കില്‍ ഇങ്ങനെ കൊടുത്തതുകൊണ്ട് യാതൊരു കാര്യവുമില്ല. 

ശിശുമരണമല്ല, കൊലപാതകമാണ് നടക്കുന്നതെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍, പ്രതിപക്ഷത്തിന് എന്തും പറയാം. ഓരോരുത്തര്‍ക്കും എന്തു വേണമെങ്കിലും വ്യാഖ്യാനിക്കാം. വ്യാഖ്യാനിക്കലല്ല, അവിടെ ചെയ്യുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വ്യാഖ്യാനിച്ച് വാദപ്രതിവാദം നടത്തിയതുകൊണ്ട് ആദിവാസിക്ക് ഒരു ഗുണവുമില്ല. ആദിവാസികളുടെ ജീവിതം മെച്ചപ്പെടുത്താന്‍ എന്താണോ ചെയ്യേണ്ടത്, അത് ചെയ്യാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. 

ആദിവാസികളുടെ കൂടി പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടുള്ള വികസനപദ്ധതികള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഓരോ വകുപ്പും ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് ഒരുമാസത്തിനകം ചര്‍ച്ച ചെയത് തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒരു സബ് കളക്ടര്‍ക്ക് പ്രത്യേക ചാര്‍ജ് കൊടുത്തിട്ടുണ്ട്. ഇതെല്ലാം കോര്‍ഡിനേറ്റ് ചെയ്യാന്‍ ഒരു ഉദ്യോഗസ്ഥനെ നിയമിക്കും. 

സമൂഹത്തിന്റെ കൂട്ടായ ശ്രമത്തിലൂടെ പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകും. അട്ടപ്പാടി വിഷയത്തില്‍ മുഖ്യമന്ത്രിയുമായി രണ്ട് തവണ സംസാരിച്ചു. അവിടേക്ക് വേണ്ട കര്‍മ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ആരോഗ്യ മന്ത്രി അട്ടപ്പാടിയിലെത്തിയത് നല്ല കാര്യം. കുട്ടികളുടെ മരണം സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ട്. സിക്കിള്‍ സെല്‍ അനീമിയയാണ് അവിടെ നേരിടുന്ന വലിയ പ്രശ്‌നമെന്നും മന്ത്രി പറഞ്ഞു. കോട്ടാത്തര ആശുപത്രി 90 ശതമാനമെങ്കിലും എക്യുപ്ഡ് ആക്കുകയാണ് ലക്ഷ്യമിടുന്നത്. വിഷയത്തില്‍ ജീവനക്കാരെ ബലിയാടാക്കി സര്‍ക്കാര്‍ ഒളിച്ചോടില്ലെന്നും മന്ത്രി രാധാകൃഷ്ണന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com