ദേഹത്ത് പെട്രോള്‍ ഒഴിച്ച് ലൈറ്ററുമായി കുടുംബം, ആത്മഹത്യാഭീഷണി; കൊല്ലത്ത് കെ റെയിലിനെതിരെ പ്രതിഷേധം 

കെ റെയില്‍ പദ്ധതിക്കെതിരെ കൊല്ലത്ത് നാട്ടുകാരുടെ പ്രതിഷേധം
കെ റെയില്‍ പദ്ധതിക്കെതിരെ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കുന്ന കുടുംബം
കെ റെയില്‍ പദ്ധതിക്കെതിരെ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കുന്ന കുടുംബം

കൊല്ലം: കെ റെയില്‍ പദ്ധതിക്കെതിരെ കൊല്ലത്ത് നാട്ടുകാരുടെ പ്രതിഷേധം. സ്ഥലമേറ്റെടുക്കലിന്റെ ഭാഗമായി കല്ലിടല്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. വീട് നഷ്ടപ്പെടുമെന്ന് അറിഞ്ഞ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കി.

കൊട്ടിയം വഞ്ചിമുക്കിലാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. സ്ഥലമേറ്റെടുക്കലിന്റെ ഭാഗമായി കല്ലിടല്‍ നടത്താന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലായിരുന്നു പ്രതിഷേധം. കെഎസ്ആര്‍ടിസി മുന്‍ ഉദ്യോഗസ്ഥനും ഭാര്യയും മകളും അടങ്ങുന്ന കുടുംബമാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. ദേഹത്ത് പെട്രോള്‍ ഒഴിച്ച് ലൈറ്ററുമായി നിന്ന കുടുംബത്തെ പൊലീസ് ഇടപെട്ട് ശാന്തമാക്കുകയായിരുന്നു. കെ റെയില്‍ പദ്ധതി വന്നാല്‍ വീട് പൂര്‍ണമായി നഷ്ടപ്പെടുമെന്ന് വീട്ടുടമസ്ഥന്‍ പറയുന്നു.

മറ്റൊരു വീട്ടില്‍ അടുക്കളയുടെ ഭാഗത്താണ് കല്ലിടല്‍ കര്‍മ്മം നടത്തിയത്. കെ റെയില്‍ പദ്ധതി യാഥാര്‍ഥ്യമായാല്‍ വീട് പൂര്‍ണമായി നഷ്ടപ്പെടുമെന്ന് ഈ കുടുംബവും പറയുന്നു. നിലവില്‍ തന്നെ 20 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. ഭാര്യയ്ക്കും ഭര്‍ത്താവിനും ജോലിയില്ല. മക്കള്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്. വീട് നഷ്ടപ്പെട്ടാല്‍ എവിടേയ്ക്ക് പോകും. ആത്മഹത്യയല്ലാതെ മറ്റു പോംവഴികളില്ലെന്ന് കുടുംബം പറയുന്നു. മുന്‍കൂട്ടി അറിയിക്കാതെയാണ് കല്ലിടല്‍ നടത്താന്‍  ഉദ്യോഗസ്ഥര്‍ എത്തിയതെന്നും കുടുംബം ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com