വി എസിന്റെ തട്ടകത്തില്‍ ഇക്കുറി വിജയരാഘവന്‍ ?; സജീവ പരിഗണനയിലെന്ന് റിപ്പോര്‍ട്ട് ; ശ്രീരാമകൃഷ്ണനെ ഒഴിവാക്കും ?

രണ്ടു ടേം പൂര്‍ത്തിയാക്കിയ ഇ പി ജയരാജന്‍ വീണ്ടും സ്ഥാനാര്‍ത്ഥിയായേക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്
എ വിജയരാഘവന്‍/ ഫയല്‍ ചിത്രം
എ വിജയരാഘവന്‍/ ഫയല്‍ ചിത്രം

പാലക്കാട് : മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ മണ്ഡലത്തില്‍ ഇത്തവണ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ മല്‍സരിച്ചേക്കും. മലമ്പുഴയില്‍ വിജയരാഘവന്റെ പേര് പാര്‍ട്ടി സജീവമായി പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ അടക്കമുള്ള ജില്ലയിലെ സിപിഎം നേതാക്കളുടെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. 

രണ്ടു ടേം പൂര്‍ത്തിയാക്കിയ ഇ പി ജയരാജന്‍ വീണ്ടും സ്ഥാനാര്‍ത്ഥിയായേക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ജയരാജന്‍ മല്‍സര രംഗത്തുനിന്നും മാറിനിന്നാല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് വരാനിടയുണ്ട്. അങ്ങനെയെങ്കില്‍ വിജയരാഘവനെ ഉറച്ച മണ്ഡലത്തില്‍ നിര്‍ത്തി വിജയിപ്പിക്കണമെന്ന് സംസ്ഥാന നേതൃത്വം കണക്കുകൂട്ടുന്നു. ജയരാജന്‍ മാറിയാല്‍ മന്ത്രി കെ കെ ശൈലജ മട്ടന്നൂരില്‍ മല്‍സരിച്ചേക്കും. 

ഒരു തവണ ലോക്‌സഭയിലേക്കും പിന്നീട് രാജ്യസഭയിലേക്കും വിജയരാഘവന്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1989 ല്‍ പാലക്കാട് നിന്നാണ് എ വിജയരാഘവന്‍ ലോക്‌സഭയിലേക്ക് വിജയിച്ചത്. എന്നാല്‍ 1991 ല്‍ വി എസ് വിജയരാഘവനോട് തോറ്റു. പിന്നീട് രാജ്യസഭാംഗമായ എ വിജയരാഘവന്‍, സഭയില്‍ സിപിഎം ചീഫ് വിപ്പായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അസംബ്ലി ഇലക്ഷനില്‍ സ്ഥാനാര്‍ത്ഥിയായാല്‍ എ വിജയരാഘവന്റെ നിയമസഭയിലേക്കുള്ള കന്നിയങ്കമാണ്.

പാര്‍ലമെന്റിലേക്ക് മല്‍സരിച്ച നേതാക്കളില്‍ മുതിര്‍ന്ന നേതാവും കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയുമായി പി ജയരാജന്‍, കൊല്ലം മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ കെ എന്‍ ബാലഗോപാല്‍, എംബി രാജേഷ് എന്നിവര്‍ക്ക് കര്‍ശന മാനദണ്ഡത്തില്‍ ഇളവ് നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. രണ്ടു ടേം മാനദണ്ഡം പൂര്‍ത്തിയാക്കിയ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ഇളവ് നല്‍കണോ എന്നതില്‍, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസും നിര്‍ണായകമാണ്.   
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com