സെക്കൻഡിൽ പത്ത് എംബി മുതൽ ഒരു ജിബി വരെ വേഗം; കെ ഫോൺ പദ്ധതി ഒന്നാം ഘട്ടം ഇന്ന് ഉദ്ഘാടനം ചെയ്യും

സെക്കൻഡിൽ പത്ത് എംബി മുതൽ ഒരു ജിബി വരെ വേഗം; കെ ഫോൺ പദ്ധതി ഒന്നാം ഘട്ടം ഇന്ന് ഉദ്ഘാടനം ചെയ്യും
പിണറായി വിജയൻ/ ഫയൽ
പിണറായി വിജയൻ/ ഫയൽ

തിരുവനന്തപുരം:  കെ ഫോൺ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് ഇന്ന് തുടക്കമാകും. ഇന്ന് വൈകീട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാനത്താകെ മുപ്പതിനായിരത്തോളം സർക്കാർ ഓഫീസുകളെ പരസ്പരം ബന്ധിപ്പിക്കുകയും 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കുകയും ചെയ്യുന്നതാണ് പദ്ധതി. 

ഇന്റർനെറ്റ് അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനത്ത് ഡിജിറ്റൽ വേർതിരിവുകൾ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെ ഫോൺ സാധ്യമാക്കുന്നത്. നഗരങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും അതിവേഗ ഇന്റർനെറ്റ് ലഭ്യതയ്ക്ക് വഴി തുറക്കുന്നതാണ് പദ്ധതി. ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കുമൊടുവിലാണ് ആദ്യ ഘട്ടം പൂർത്തിയാകുന്നത്. ഏഴ് ജില്ലകളിലെ ആയിരത്തിലധികം സർക്കാർ ഓഫീസുകളെ നെറ്റ്‌വർക്ക് ഓപ്പറേറ്റിങ് സെന്ററുമായും സ്റ്റേറ്റ് ഡേറ്റാ സെന്ററുമായും ബന്ധിപ്പിക്കുന്നതാണ് ഒന്നാം ഘട്ടം.

വൈദ്യുതി പോസ്റ്റുകൾ വഴി ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ വലിച്ച് ഇന്റർനെറ്റ് ലഭ്യതയ്ക്കുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതാണ് പദ്ധതി. സംസ്ഥാനത്ത് 35,000 കിലോമീറ്ററിൽ കേബിൾ ശൃംഖല പൂർത്തിയാകുന്നതോടെ സെക്കൻഡിൽ പത്ത് എംബി മുതൽ ഒരു ജിബി വരെ വേഗം ഉറപ്പാക്കി ഇന്റർനെറ്റ് ലഭ്യതയ്ക്കു വഴിയൊരുങ്ങും. കുത്തക ഇല്ലാതാക്കാൻ ഒന്നിലധികം സേവനദാതാക്കൾക്കായിരിക്കും ഇന്റർനെറ്റ് ലഭ്യമാക്കലിന്റെ ചുമതല. ടെൻഡർ നടപടികളിലൂടെയാകും ഇത് പൂർത്തിയാക്കുക.

വൈദ്യുത ടവറുകളിലൂടെ വലിച്ച കോർ റിങ് സംവിധാനമാണ് കെ-ഫോണിന്റെ പ്രവർത്തന ശക്തിക്കു പിന്നിൽ. തടസമില്ലാതെ ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള റിങ് ആർക്കിടെക്ചർ സംവിധാനമാണ് ഇതിനുള്ളത്. കോർ റിങ്ങിനു കീഴിൽ ജില്ലകളിലെ ഉപയോക്താക്കളെ ബന്ധിപ്പിച്ച് ആക്സസ് നെറ്റ്‌വർക്ക് സംവിധാനമുണ്ടാകും. ഇവയെ ബന്ധിപ്പിച്ച് ഇൻഫോ പാർക്കിലെ നെറ്റ്‌വർക്ക് ഓപ്പറേഷൻ സെന്റർ ഉണ്ട്. മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഇവ തടസമില്ലാത്ത ഇന്റർനെറ്റ് ഉറപ്പാക്കും. കിഫ്ബി സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com