വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ ഇന്ന്‌ ഉദ്ഘാടനം ചെയ്യും

ഇരുവശങ്ങളിലും മൂന്നുവരിവീതം ഗതാഗതം സാധ്യമാക്കുന്ന ഏറ്റവും പുതിയ സാങ്കേതിക തികവോടെയാണ് പാലങ്ങൾ നിർമിച്ചത്
വൈറ്റില ഫ്‌ലൈ ഓവര്‍ / മന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രം
വൈറ്റില ഫ്‌ലൈ ഓവര്‍ / മന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രം

കൊച്ചി : പാലം തുറക്കൽ വിവാദങ്ങൾക്കിടെ, കൊച്ചിയിലെ വൈറ്റില, കുണ്ടന്നൂർ ജങ്‌ഷനുകളിലെ മേൽപ്പാലങ്ങൾ ഇന്ന് ഉദ്​ഘാടനം ചെയ്യും.   വൈറ്റില മേൽപ്പാലം രാവിലെ 9.30നും കുണ്ടന്നൂർ മേൽപ്പാലം പകൽ 11നും ഗതാഗത്തിനു തുറന്നുകൊടുക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം നാടിന് സമർപ്പിക്കുക. വീഡിയോ കോൺഫറൻസിങ്ങിലൂടെയാകും മുഖ്യമന്ത്രി ഉദ്‌ഘാടനം നിർവഹിക്കുക. 

രണ്ട്‌ പാലത്തിനുസമീപം നടക്കുന്ന ചടങ്ങിൽ മന്ത്രി ജി സുധാകരൻ അധ്യക്ഷനാകും. മന്ത്രി ടി എം തോമസ്‌ ഐസക്‌ മുഖ്യാതിഥിയാകും. എംഎൽഎമാർ അടക്കമുള്ള ജനപ്രതിനിധികൾ ചടങ്ങിൽ സംബന്ധിക്കും. ദേശീയപാത 66ലെയും കൊച്ചി നഗരത്തിലെയും ഗതാഗതക്കുരുക്കിനു പരിഹാരമാകുന്ന രണ്ടു പാലങ്ങളും ഇടതു‌ സർക്കാർ 152.81 കോടി രൂപ കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ചാണ്‌ നിർമിച്ചത്‌. 

ഇരുവശങ്ങളിലും മൂന്നുവരിവീതം ഗതാഗതം സാധ്യമാക്കുന്ന ഏറ്റവും പുതിയ സാങ്കേതിക തികവോടെയാണ് പാലങ്ങൾ നിർമിച്ചത്‌. വൈറ്റില മേൽപ്പാലത്തിന്റെ എസ്‌റ്റിമേറ്റ് 85.9 കോടി രൂപയായിരുന്നു. പാലത്തിന്റെ നീളം 440 മീറ്റർ. അപ്രോച്ച്‌ റോഡ്‌ ഉൾപ്പെടെ 720 മീറ്റർ നീളം. 2018 മെയ്‌ 31ന്‌ കുണ്ടന്നൂർ മേൽപ്പാലത്തിന്റെ നിർമാണം തുടങ്ങി. 74.45 കോടിയായിരുന്നു എസ്‌റ്റിമേറ്റ്‌. 450 മീറ്ററാണ്‌ പാലത്തിന്റെ നീളം. അപ്രോച്ച്‌ റോഡുൾപ്പെടെ 731 മീറ്റർ നീളമണ്ട്. പാലം ​ഗതാ​ഗതയോ​ഗ്യമാകുന്നതോടെ ദേശീയപാതയിലെ ​ഗതാ​ഗതക്കുരുക്കിന് ശാസ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com