ചരിത്രം കുറിച്ച് ബിജെപി ; കൊച്ചി കോര്‍പ്പറേഷനില്‍ ആദ്യമായി സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം നേടി

27 കൗണ്‍സിലര്‍മാരുള്ള കോണ്‍ഗ്രസിന് ഒരു സ്ഥിരം സമിതി അധ്യക്ഷ സ്ഥാനവും നേടാനായില്ല
ബിജെപി കൗണ്‍സിലര്‍ പ്രിയ പ്രശാന്ത് / ഫയല്‍ ചിത്രം
ബിജെപി കൗണ്‍സിലര്‍ പ്രിയ പ്രശാന്ത് / ഫയല്‍ ചിത്രം

കൊച്ചി : കൊച്ചി കോര്‍പറേഷന്റെ ചരിത്രത്തില്‍ ആദ്യമായി ബിജെപി സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം നേടി. നികുതി അപ്പീല്‍ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനമാണ് അമരാവതിയില്‍ നിന്നുള്ള ബിജെപി കൗണ്‍സിലര്‍ പ്രിയ പ്രശാന്ത് നേടിയത്. നാലു വോട്ട് നേടിയാണ് പ്രിയ വിജയിച്ചത്. ഒന്‍പതംഗ നികുതി അപ്പീല്‍ സ്ഥിരം സമിതിയില്‍ യുഡിഎഫും എല്‍ഡിഎഫും ബിജെപിയും അധ്യക്ഷ സ്ഥാനത്തേക്കു മത്സരിച്ചിരുന്നു.

കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ ബിജെപിക്ക് അഞ്ച് അംഗങ്ങളാണുള്ളത്. അതേസമയം 27 കൗണ്‍സിലര്‍മാരുള്ള കോണ്‍ഗ്രസിന് ഒരു സ്ഥിരം സമിതി അധ്യക്ഷ സ്ഥാനവും നേടാനായില്ല.  മരാമത്ത് സ്ഥിരം സമിതിയില്‍ യുഡിഎഫ് വിജയിച്ചെങ്കിലും ആര്‍എസ്പിയിലെ സുനിത ഡിക്‌സനാണ് അധ്യക്ഷ. അടുത്ത വര്‍ഷം മാര്‍ച്ചില്‍ സുനിത ഡിക്‌സണ്‍ കോണ്‍ഗ്രസിലെ വി കെ മിനിമോള്‍ക്കായി അധ്യക്ഷ സ്ഥാനം ഒഴിയുമെന്നാണു ധാരണ.

സമീപകാലത്ത് ആദ്യമായാണ്  കോര്‍പറേഷനില്‍ കോണ്‍ഗ്രസിന് ഒരു സ്ഥിരം സമിതി അദ്യക്ഷസ്ഥാനവും ലഭിക്കാത്തത്. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം, ഇടതുമുന്നണിയെ പിന്തുണച്ച ലീഗ് വിമത അംഗം ടി കെ അഷ്‌റഫിനാണ്. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ആദ്യമൂന്നു വര്‍ഷം സിപിഎം അംഗം പിആര്‍ റെനീഷും പിന്നെ സിപിഐയിലെ സി എ ഷക്കീറും പങ്കുവയ്ക്കും.

ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സ്ഥാനം ആദ്യരണ്ടു വര്‍ഷം ജനതാദള്‍ എസിലെ ഷീബാ ലാലും പിന്നീട് സിപിഎമ്മിലെ സി ഡി വത്സലകുമാരിയും പങ്കുവയ്ക്കും. വിദ്യാഭ്യാസം, കായികം സ്ഥിരം സമിതി അധ്യക്ഷസ്ഥാനം സിപിഎമ്മിലെ വി എ ശ്രീജിത്തിനാണ്. നഗരാസൂത്രണ സ്ഥിരംസമിതി അധ്യക്ഷ പദവി എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്ന സ്വതന്ത്രന്‍ ജെ സനില്‍മോന്‍ ആണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com