നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം; പ്രതികളെ വെറുതെ വിട്ടു

ജീവപര്യന്തം തടവിന് ശിക്ഷിച്ച വിചാരണകോടതി വിധിക്കെതിരെ ഇരുവരും നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
നിലമ്പൂര്‍ രാധ വധക്കേസിലെ പ്രതികള്‍ ടെലിവിഷന്‍ / ചിത്രം
നിലമ്പൂര്‍ രാധ വധക്കേസിലെ പ്രതികള്‍ ടെലിവിഷന്‍ / ചിത്രം

മലപ്പുറം: നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ ജീവനക്കാരിയായ രാധ കൊല്ലപ്പെട്ട കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതി ബിജു നായര്‍, രണ്ടാം പ്രതി ഷംസൂദ്ദീന്‍ എന്നിവരെയാണ് ഹൈക്കോടതി വെറുതെവിട്ടത്.  ജീവപര്യന്തം തടവിന് ശിക്ഷിച്ച വിചാരണകോടതി വിധിക്കെതിരെ ഇരുവരും നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.  

കേസില്‍ രണ്ട് പ്രതികള്‍ക്കും  മഞ്ചേരി ഒന്നാം ക്ലാസ് അഡീഷണല്‍ ജില്ലാസെഷന്‍സ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. കോണ്‍ഗ്രസ് നിലമ്പൂര്‍ ബ്ലോക്ക് കമ്മിറ്റി ഓഫീസിലെ ജീവനക്കാരിയായിരുന്ന രാധയെ കൊലപ്പെടുത്തി കുളത്തില്‍ തള്ളിയെന്നുള്ളതായിരുന്നു കേസ്. 2014 ഫെബ്രുവരി അഞ്ചിനായിരുന്നു കേസിന് ആസ്പദമായ സംഭവം. 

രാവിലെ ഓഫീസ് അടിച്ചുവാരനെത്തിയ രാധയെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.  കൊലപാതകത്തിന് ശേഷം രാധയുടെ മൃതദേഹം പാരപ്പന്‍കുഴിച്ചാല്‍ കുളത്തില്‍ തള്ളുകയും ചെയ്തു. ബിജുവിന്റെ പരസ്ത്രീ ബന്ധം നേതാക്കളെ അറിയിക്കുമെന്ന് രാധ ഭീഷണിപ്പെടുത്തിയതാണ് കൊലപാതകത്തിന് കാരണമായത്. 2012 ല്‍ ബിജു നായരുടെ നിര്‍ദേശപ്രകാരം രാധയെ കാറിടിച്ച് കൊലപ്പെടുത്തുന്നതിനും ശ്രമിച്ചിരുന്നു. വിവരങ്ങള്‍ രാധ പുറത്ത് പറഞ്ഞാല്‍ തന്റെ രാഷ്ട്രീയ ഭാവി തകരുമെന്ന ബിജുവിന്റെ ഭയമാണ് രാധയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

കൊലപാതകം, ലൈംഗികാതിക്രമം, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന, കവര്‍ച്ച തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 2049 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com