സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടിയേക്കും; തീരുമാനം നാളെ

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാവണമെങ്കില്‍ ഏതാനും ദിവസം കൂടി ലോക്ക്ഡൗണ്‍ തുടരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാനത്ത് ഒന്‍പതു ദിവസത്തേക്കു പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടിയേക്കും. ഇതു സംബന്ധിച്ച് നാളെ തീരുമാനമെടുക്കുമെന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ്, അവസാനപടിയെന്ന നിലയില്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ അടുത്ത ഞായറാഴ്ച വരെയാണ് നിലവില്‍ ലോക്ക്ഡൗണ്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാവണമെങ്കില്‍ ഏതാനും ദിവസം കൂടി ലോക്ക്ഡൗണ്‍ തുടരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. ഇതു കണക്കിലെടുത്ത് നാളെയോ മറ്റന്നാളോ സര്‍ക്കാര്‍ തീരുമാനമെടുക്കും.

ലോക്്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം പ്രതിദിന കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ല. എന്നാല്‍ വരുംദിവസങ്ങളില്‍ ലോക്ക്ഡൗണിന്റെ ഫലം പ്രതിഫലിക്കുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്. ലോക്ക്ഡൗണില്‍ ഏതാനും ദിവസം കൊണ്ട് കേസുകള്‍ കുറവുമെന്നു പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇന്നലെ വ്യക്തമാക്കിയിരുന്നു. 

ലോക്ക്ഡൗണ്‍ നീട്ടുന്നത് ദിവസക്കൂലിക്കാരെയും മറ്റും വല്ലാതെ ബാധിക്കുന്നുണ്ടെന്ന കാര്യം സര്‍ക്കാരിനു മുന്നിലുണ്ട്. കടുത്ത രോഗവ്യാപനമുള്ള പ്രദേശങ്ങളില്‍ മാത്രം സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി മറ്റിടങ്ങളില്‍ മിനി ലോക്ക്ഡൗണിലേക്കു പോവണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. എന്നാല്‍ ഏതാനും ദിവസം കൂടി സമ്പൂര്‍ണമായ അടച്ചിടല്‍ വേണമെന്നും അതിനു ശേഷം ഇക്കാര്യം പരിഗണിക്കുന്നതാവും നല്ലതെന്നുമാണ് ആരോഗ്യവകുപ്പിന്റെ വാദം. 

നിലവില്‍ 4.32 ലക്ഷം പേര്‍ സംസ്ഥാനത്ത് ചികിത്സലിയുണ്ട്. ഇത് ആറു ലക്ഷം വരെ ഉയര്‍ന്നേക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അതിനു സജ്ജമാവാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. അതിലപ്പുറത്തേക്കു കാര്യങ്ങള്‍ പോവുന്ന സാഹചര്യം ഏതു വിധേനയും ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com