മോഡലുകള്‍ക്ക് ഹോട്ടല്‍ ഉടമ നല്‍കിയത് മയക്കുമരുന്നോ? തെളിവ് നശിപ്പിച്ചതിന്റെ കാരണമിത്; പൊലീസ് പറയുന്നു

കേസിന്റെ നിര്‍ണായക തെളിവ് ഉള്‍പ്പെടുന്ന ഹാര്‍ഡ് ഡിസ്‌ക് ഒളിപ്പിച്ച കുറ്റത്തിനാണ് റോയിയെയും അഞ്ച് ഹോട്ടല്‍ ജീവനക്കാരെയും പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്
അഞ്ജന ഷാജന്‍ - ആന്‍സി കബീര്‍
അഞ്ജന ഷാജന്‍ - ആന്‍സി കബീര്‍

കൊച്ചി: മോഡലുകള്‍ വാഹനാപകടത്തില്‍ മരിക്കാനിടയാക്കിയ സംഭവത്തില്‍ രണ്ടാം പ്രതിയും ഹോട്ടലുടമയുമായ റോയി വയലാട്ടിന് നിര്‍ണായക പങ്കെന്ന് പൊലീസ്. ഹോട്ടലുടമ ഒന്നാം പ്രതിക്കും അപകടത്തില്‍ മരിച്ചവര്‍ക്കും മദ്യമോ, മയക്കുമരുന്നോ നല്‍കിയെന്നാണ് പൊലീസ് പറയുന്നത്. കാര്‍ പാര്‍ക്കിങ് സ്ഥലത്തുവച്ചോ, അല്ലെങ്കില്‍ ഡിജെ പാര്‍ട്ടി നടക്കുന്ന സ്ഥലത്തുവച്ചോ, ഹോട്ടലില്‍ വച്ചോ ആണ് ഇവര്‍ക്ക് മയക്കുമരുന്ന് കലര്‍ന്ന വസ്തുക്കള്‍ നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ടാണ് ഹാര്‍ഡ് ഡിസ്‌ക് കായലിലേക്ക് വലിച്ചെറിഞ്ഞതെന്നും പൊലീസ് കോടതിയെ അറിയിച്ചു.

അതേസമയം കേസില്‍ അറസ്റ്റിലായ ആറ് പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. എറണാകുളം ജ്യുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഹോട്ടലുടമ റോയ് വയലാട്ടിനും മറ്റ് അഞ്ച് പേര്‍ക്കും ജാമ്യം അനുവദിച്ചത്. 

മിസ് സൗത്ത് ഇന്ത്യയും മുന്‍ മിസ് കേരളയുമായ അന്‍സി കബീര്‍, മുന്‍ മിസ് കേരള റണ്ണറപ് അഞ്ജന ഷാജന്‍, ഇവരുടെ സുഹൃത്ത് കെ.എ. മുഹമ്മദ് ആഷിഖ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. എന്നാല്‍ അപകടവുമായി ബന്ധമില്ലെന്ന് ഹോട്ടലുടമ റോയ് ജെ.വയലാട്ട് പറഞ്ഞു. അപകടത്തില്‍പ്പെട്ടവര്‍ മദ്യം കഴിച്ചത് പണം നല്‍കിയാണ്. തന്നെയും തന്റെ സ്ഥാപനത്തെയും അപമാനിക്കാനാണ് ശ്രമമെന്നും റോയ് കോടതിയില്‍ പറഞ്ഞു.

സംഭവത്തില്‍ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും അറസ്റ്റിലായ പ്രതികള്‍ കോടതിയില്‍ പറഞ്ഞു. ചോദ്യംചെയ്യലിനിടെ പൊലീസ് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. പരാതി എഴുതി നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കി. നരഹത്യക്കുറ്റം ചുമത്തിയത് പൊലീസ് തിരക്കഥയാണ്. കാര്‍ ഓടിച്ചയാളെ സംരക്ഷിക്കാന്‍ നീക്കം നടക്കുന്നു. സൈജുവിനെ ഇനിയും പിടികൂടാനായില്ലെന്നും പ്രതികള്‍ കോടതിയെ അറിയിച്ചു.

കേസിന്റെ നിര്‍ണായക തെളിവ് ഉള്‍പ്പെടുന്ന ഹാര്‍ഡ് ഡിസ്‌ക് ഒളിപ്പിച്ച കുറ്റത്തിനാണ് റോയിയെയും അഞ്ച് ഹോട്ടല്‍ ജീവനക്കാരെയും പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. രണ്ടു ദിവസം നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. ഹാര്‍ഡ് ഡിസ്‌ക് കായിലേക്ക് എറിഞ്ഞെന്നും റോയിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇതെന്നും അറസ്റ്റിലായ ഹോട്ടല്‍ ജീവനക്കാരന്‍ മൊഴിനല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com