പത്തനംതിട്ടയെ വിറപ്പിച്ച് മഴ: മൂന്നിടത്ത് ഉരുള്‍പൊട്ടല്‍, നദികളില്‍ മലവെള്ളപ്പാച്ചില്‍

മലയോര മേഖലയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടിയതായി വിവരം
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്
Updated on


പത്തനംതിട്ട: മധ്യകേരളത്തില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. പത്തനംതിട്ടയിലെ മലയോര മേഖലയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടിയതായി വിവരം.ആങ്ങമൂഴി തേവര്‍മല വനത്തിലും കുറവന്‍മൂഴി വനത്തിനുള്ളിലും ഉരുള്‍പൊട്ടി. കോന്നിയില്‍ ഒരിമണിക്കൂറിനിടെ 7.4 മില്ലീമീറ്റര്‍ മഴ പെയ്തു. 

കോട്ടമണ്‍പാറയില്‍ കാര്‍ വെള്ളത്തില്‍ ഒലിച്ചുപോയി. ലക്ഷമീഭവനില്‍ സഞ്ജയന്റെ കാറാണ് ഒലിച്ചുപോയത്. എരുമേലിയില്‍ ചെമ്പകപ്പാറ എസ്റ്റേറ്റ് പാറമടയിലെ തടയണ തകര്‍ന്നു. ചരള ഭാഗത്തേക്ക് വെള്ളം കുതിച്ചൊഴുകി. കക്കാട്ടാറില്‍ കനത്ത വെള്ളപ്പാച്ചിലാണ് അനുഭവപ്പെടുന്നത്. റാന്നി കുമ്പമൂഴി വനംകുടന്ത വെള്ളച്ചാട്ടത്തിന് സമീപവും കുത്തൊഴുക്കുണ്ട്. 

ജാഗ്രതാ നിര്‍ദേശം

പമ്പ, മണിമലയാര്‍, അച്ചന്‍കോവിലാര്‍ എന്നിവയുടെ തീരങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ക്യാമ്പുകളിലേക്കും, സുരക്ഷിത ഇടങ്ങളിലേക്കും മാറേണ്ടതാണ്. ക്യാമ്പുകളിലുള്ളവര്‍ വീടുകളിലേക്ക് മടങ്ങരുത്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരും ക്യാമ്പുകളിലേക്ക് മാറേണ്ടതാണ്.

'ജില്ലയുടെ പല ഭാഗങ്ങളിലും അതിശക്തമായ മഴയുണ്ട്. വനമേഖലയില്‍ ഉരുള്‍ പൊട്ടലുകള്‍ ഉണ്ടായതായി വിവരം ലഭിക്കുന്നു. ആങ്ങമൂഴി കോട്ടമണ്‍ പാറയിലും , പ്ലാപ്പള്ളി ഭാഗത്ത് വനത്തിലും ഉരുള്‍ പൊട്ടല്‍ ഉണ്ടായി. ഉരുള്‍ പൊട്ടലില്‍ കോട്ടമണ്‍ പാറയില്‍ വീട് തകര്‍ന്നു. ഉരുള്‍ പൊട്ടലില്‍ ഉണ്ടായ വെള്ള പാച്ചിലില്‍ വണ്ടികള്‍ ഒഴുകി പോയതായി റിപ്പോര്‍ട്ടുണ്ട്. ആളപായം ഒരിടത്തുമില്ല. കോന്നി താലൂക്കില്‍ കഴിഞ്ഞ രണ്ടു മണിക്കൂറില്‍ 7.4 സെന്റിമീറ്റര്‍ മഴ പെയ്തു. ഇപ്പോഴും മഴ തുടരുകയാണ്.'-മന്ത്രി വ്യക്തമാക്കി. 

കോട്ടയത്തും ഇടുക്കിയിലും ശക്തമായ മഴ

കോട്ടയത്തും ഇടുക്കിയിലും ശക്തമായ മഴയാണ് ലഭിക്കുന്നത്. മുണ്ടക്കയത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. എരുമേലി-മുണ്ടക്കയം സംസ്ഥാന പാതയില്‍ വെള്ളം കയറി.വണ്ടന്‍പതാല്‍ തേക്കിന്‍കൂപ്പില്‍ ഉരുള്‍പൊട്ടി. ആളപായമില്ല. വണ്ടന്‍പതാലില്‍ വീടുകളില്‍ വെള്ളം കയറി. മണിമലയാറ്റില്‍ ജലനിരപ്പ് ഉയരുകയാണ്. നേരത്തെ ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കലിലും ശക്തമായ മഴയാണ് തുടരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com