'ചികിത്സയില്‍ വീഴ്ച പറ്റിയോ?'; ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്ന് യുവതി മരിച്ച സംഭവം; റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  

ആര്‍സിസിയില്‍ ലിഫ്റ്റ് പൊട്ടി താഴേക്ക് പതിച്ചതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച നദീറയുടെ മരണകാരണത്തെ കുറിച്ച് ആര്‍സിസി ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
ആര്‍സിസി
ആര്‍സിസി

തിരുവനന്തപുരം:ആര്‍സിസിയില്‍ ലിഫ്റ്റ് പൊട്ടി താഴേക്ക് പതിച്ചതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച നദീറയുടെ മരണകാരണത്തെ കുറിച്ച് ആര്‍സിസി ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കൂടുതല്‍ വ്യക്തവും വിശദവുമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആര്‍ സിസി ഡയറക്ടര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിര്‍ദ്ദേശം നല്‍കി. 

ലിഫ്റ്റില്‍ നിന്നും വീണ നദീറയുടെ തലയ്ക്ക് ക്ഷതം ഏറ്റത് എങ്ങനെ, ആര്‍സിസിയിലെ ലിഫ്റ്റുകള്‍ക്ക് വാര്‍ഷിക കരാര്‍ ഉണ്ടോ എന്നീ കാര്യങ്ങളില്‍ ഡയറക്ടര്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. നദീറയുടെ ആശ്രിതന് ആര്‍സിസിയില്‍ ജോലി നല്‍കണമെന്ന ആവശ്യം പരിഗണിക്കാന്‍ കഴിയുമോ എന്നും വിശദീകരിക്കണം.  അപകടത്തിന്റെ കാരണം അറിയുന്നതിന് സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി നടത്തുന്ന അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ അറിയിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. 

നദീറയുടെ ചികിത്സയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന പരാതിയെ കുറിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 24നകം എല്ലാ റിപ്പോര്‍ട്ടുകളും ഹാജരാക്കണം.  കേസ് സെപ്റ്റംബര്‍ 30ന് പരിഗണിക്കും.  

മെയ് 15നാണ് തുറന്നു കിടന്ന ലിഫ്റ്റില്‍ കയറുമ്പോള്‍ താഴേക്ക് പതിച്ച് നദീറക്ക് അപകടമുണ്ടായത്. മണിക്കൂറുകള്‍ക്ക് ശേഷമാണ് നദീറയെ കണ്ടെത്തി മെഡിക്കല്‍ കോളജിലെത്തിച്ചത്. തലച്ചോറിലുണ്ടായ ക്ഷതം ആശുപത്രി അധികൃതര്‍ മനസിലാക്കാത്തതാണ് മരണകാരണമെന്ന് പരാതിയില്‍ പറയുന്നു.  കെപിസിസി ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല, നദിറയുടെ ബന്ധു എ മുഹമ്മദ് ആഷിക് എന്നിവര്‍ സമര്‍പ്പിച്ച പരാതികളിലാണ് നടപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com