'സെമി കേഡര്‍ പാര്‍ട്ടി എന്ന വിചിത്രപേരും നല്‍കി'; കോണ്‍ഗ്രസ് ശിഥിലമായി, ഏത് വിദ്യ പ്രയോഗിച്ചാലും തര്‍ക്കം തുടരും: സിപിഎം

ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും പാര്‍ട്ടി ശിഥിലമായെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍
എ വിജയാഘവന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്
എ വിജയാഘവന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

തിരുവനന്തപുരം: ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും പാര്‍ട്ടി ശിഥിലമായെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ഡിസിസി പുനഃസംഘടനയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ ഉയര്‍ന്ന കലഹങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിന്റെ തകര്‍ച്ച അതിവേഗം സംഭവിക്കുകയാണ്.  കോണ്‍ഗ്രസിനകത്ത് വലിയ തോതിലുള്ള തകര്‍ച്ചയും ശിഥിലീകരണവുമാണ് കണ്ടുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് ദേശീയതലത്തില്‍ തന്നെ ദുര്‍ബലപ്പെട്ടു. ഹൈക്കമാന്‍ഡിന്റെ കരുത്ത് ചോര്‍ന്നു. ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. ബിജെപിയുടെ ജനവിരുദ്ധ നിലപാടുകളെ പ്രതിരോധിക്കാനാകാത്ത അവസ്ഥയിലേക്ക് കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ടെന്നും വിജരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

കോണ്‍ഗ്രസ് ഭരണമുള്ള മൂന്ന് സംസ്ഥാനങ്ങളിലും ചേരിതിരിഞ്ഞ് തര്‍ക്കിച്ചുകൊണ്ടിരിക്കുകയാണ്. പഞ്ചാബ് ഏതാനും മാസം കഴിഞ്ഞാല്‍ തെരഞ്ഞെടുപ്പിലേക്ക് പോവുകയാണ്. കോണ്‍ഗ്രസിലെ പരസ്പര തര്‍ക്കം കാരണമാണ് കര്‍ണാടകയിലും മധ്യപ്രദേശിലും ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞത്. ഈ പശ്ചാത്തലത്തില്‍ വേണം കേരളത്തിലുണ്ടായ സംഭവങ്ങളെ കാണാനെന്നും അദ്ദേഹം പറഞ്ഞു. 

കോണ്‍ഗ്രസില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ല. വ്യക്തികള്‍ക്ക് ചുറ്റും അണിനിരന്നവര്‍ നേതൃത്വത്തിലേക്ക് വന്നു. തെരഞ്ഞെടുക്കപ്പെട്ട ഒരു നേതാവുമില്ലാത്ത പാര്‍ട്ടിയാണ്. ഏത് തരം വിദ്യ പ്രയോഗിച്ചാലും കേരളത്തിലെ കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ അനന്തമായി മുന്നോട്ടുപോകും. പരസ്പരം തര്‍ക്കിക്കുന്ന, ഗ്രൂപ്പുകളും പുതിയ ഗ്രൂപ്പുകളും രൂപംകൊള്ളുന്ന പാര്‍ട്ടിക്ക് സെമി കേഡര്‍ പാര്‍ട്ടിയെന്ന വിചിത്ര പേര് ഇപ്പോള്‍ നല്‍കിയിരിക്കുന്നു.-വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com