ദാരിദ്ര്യം പറഞ്ഞു ജയിച്ചു,  ആഡംബരക്കല്യാണം ജനങ്ങളെ അകറ്റി ; എല്‍ദോ എബ്രഹാമിനെ കുറ്റപ്പെടുത്തി പി രാജു ; സദ്യ കഴിച്ചപ്പോള്‍ ഈ തോന്നല്‍ ഉണ്ടായില്ലേ എന്ന് കാനം

ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കത്തില്‍ ഒരു വിഭാഗത്തിന്റെ ആളായി എല്‍ദോ വിശേഷിപ്പിക്കപ്പെട്ടതും  പരാജയത്തിന് കാരണമായി
എൽദോ എബ്രഹാം /ഫയല്‍ ചിത്രം
എൽദോ എബ്രഹാം /ഫയല്‍ ചിത്രം

തിരുവനന്തപുരം : ഇടതുമുന്നണിയുടെ എറണാകുളം ജില്ലയിലെ പ്രസ്റ്റീജ് സീറ്റായ മൂവാറ്റുപുഴയിലെ തോല്‍വിക്കു കാരണം എംഎല്‍എ എല്‍ദോ എബ്രഹാമിന്റെ ആഡംബരക്കല്യാണമെന്ന് സിപിഐ റിപ്പോര്‍ട്ട്. ദാരിദ്ര്യം പറഞ്ഞു വോട്ടു നേടി തെരഞ്ഞെടുപ്പില്‍ ജയിച്ച എല്‍ദോ രണ്ടാം തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പു നടത്തിയ ആര്‍ഭാട വിവാഹം ജനങ്ങളെ അകറ്റിയതായി ജില്ലാ കൗണ്‍സിലിന്റെ തെരഞ്ഞെടുപ്പ് അവലോകനത്തില്‍ പറയുന്നു. 

തോല്‍വിക്കു കാരണം എല്‍ദോ ഏബ്രഹാമിന്റെ ആര്‍ഭാട വിവാഹമാണെന്ന് പറഞ്ഞൊഴിയാന്‍ ശ്രമിച്ച ജില്ലാ സെക്രട്ടറി പി രാജുവിനെ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രൂക്ഷമായി വിമര്‍ശിച്ചു. വിവാഹത്തിന്റെ കാര്‍മികരിലൊരാളായി നിന്നപ്പോഴും, സദ്യ കഴിച്ചപ്പോഴും ഈ തോന്നല്‍ ഉണ്ടായില്ലേ എന്ന് കാനം ചോദിച്ചു. 

ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കത്തില്‍ ഒരു വിഭാഗത്തിന്റെ ആളായി എല്‍ദോ വിശേഷിപ്പിക്കപ്പെട്ടതും രാഷ്ട്രീയ കാരണങ്ങളും പരാജയത്തിന് കാരണമായി. ധ്രൂവീകരണം, സ്ഥാനാര്‍ത്ഥിക്കെതിരായ വികാരം, മുന്നണിയിലെ പാലംവലി തുടങ്ങിയ പല കാരണങ്ങളും തോല്‍വിക്ക് കാരണമായതായി ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നു. 

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യുഡിഎഫിന് ഒപ്പമെത്താന്‍ വ്യക്തിപരമായി എല്‍ദോയ്ക്കുണ്ടായ കടുത്ത സാമ്പത്തിക ബാധ്യതകളും തോല്‍വിക്ക് കാരണമായി. ഇതുമൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് എല്‍ദോയെ തള്ളിവിടാതെ ബാദ്യതകള്‍ പാര്‍ട്ടി കൂടി ഏറ്റെടുക്കണമെന്ന അഭിപ്രായവും ഉയര്‍ന്നു. 

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പങ്കെടുപ്പിച്ച് എറണാകുളം ജില്ലാ കമ്മിറ്റിയും സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയും ചേര്‍ന്ന് വിശദമായ ചര്‍ച്ച നടത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com