കരമന കൊലപാതകം: യുവാവിന്റെ ജനനേന്ദ്രിയത്തില്‍ അടക്കം ഇരുപതിലധികം ഭാഗങ്ങളില്‍ കുത്തേറ്റു, പിന്നില്‍ പെണ്‍വാണിഭ സംഘം
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th April 2021 08:58 PM |
Last Updated: 04th April 2021 08:58 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കരമനയില്‍ യുവാവ് കൊല്ലപ്പെട്ടത് പെണ്‍വാണിഭ സംഘവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നെന്ന് പൊലീസ്. സംഭവത്തില്‍ വെഞ്ഞാറമൂട് സ്വദേശിനി ഷീബ ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കരമന സ്വദേശി വൈശാഖ് ശനിയാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. രാവിലെ അപാര്‍ട്ട്‌മെന്റിലെ മുറിയില്‍ നെഞ്ചില്‍ കുത്തേറ്റ നിലയിലാണ് വൈശാഖിനെ കണ്ടെത്തിയത്. ഒരു മാസമായി കരമന തളിയിലിന് സമീപത്തെ അപ്പാര്‍ട്ട്‌മെന്റില്‍ രണ്ടു മുറികള്‍ വാടകയ്‌ക്കെടുത്താണ് പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഷീബയാണ് ഇതിന് പിന്നിലെന്നും പൊലീസ് പറഞ്ഞു.നവീന്‍ സുരേഷ്, ശിവപ്രസാദ്, സുജിത്ത് ഷീബ, കവിത എന്നിവരാണ് അറസ്റ്റിലായത്.
ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും പൊലീസ് അറിയിച്ചു. യുവാവിന്റെ ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ ഇരുപതിലധികം ഇടങ്ങളില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കുത്തിയിട്ടുണ്ട്.
കസ്റ്റഡിയിലുള്ള മണക്കാട് സ്വദേശി നവീന്‍ സുരേഷാണ് കൊലപാതകം നടത്തിയതെന്നാണ് ഷീബയുടെ മൊഴി. എന്നാല്‍ ഷീബയുടെ ഒപ്പമുണ്ടായിരുന്ന നാലു പേരാണ് കൊലപാതകം നടത്തിയതെന്നാണ് നവീന്‍ സുരേഷ് പറയുന്നത്. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.