കോവിഡ് ബാധിത രാവിലെ വോട്ടുചെയ്യാനെത്തി ; അഞ്ച് പോളിങ് ഉദ്യോഗസ്ഥരും 230ലേറെ വോട്ടര്‍മാരും ക്വാറന്റീനിലാകും, ആശങ്ക
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th April 2021 08:45 AM |
Last Updated: 07th April 2021 08:45 AM | A+A A- |
പ്രതീകാത്മക ചിത്രം
കൊല്ലം : കോവിഡ് ബാധിതര്‍ക്ക് അനുവദിച്ചിട്ടുള്ള സമയം പാലിക്കാതെ കോവിഡ് രോഗി വോട്ടുചെയ്യാനെത്തിയതോടെ അഞ്ച് പോളിങ് ഉദ്യോഗസ്ഥരും 230ലേറെ വോട്ടര്‍മാരും ക്വാറന്റീനില്‍ പോകേണ്ടിവരുമെന്ന് ആശങ്ക. കോവിഡ് ബാധിതയായ ഇരവിപുരം സെന്റ് ജോസഫ് നഗറിലെ താമസക്കാരിയായ 72കാരി രാവിലെ 11 മണിയോടെയാണ് ഭര്‍ത്താവിനൊപ്പം എത്തി വോട്ട് ചെയ്തത്.
ഇരവിപുരം നിയോജകമണ്ഡലത്തിലെ താന്നി സിവിഎംഎല്‍പിഎസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 124ാം നമ്പര്‍ ബൂത്തിലാണ് ഇവര്‍ വോട്ടു ചെയ്തത്. കഴിഞ്ഞ മാര്‍ച്ച് 28ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവര്‍ ക്വാറന്റീനിലായിരുന്നു. ഇവര്‍ വോട്ട് ചെയ്ത് മടങ്ങിയതിനുശേഷം 12.30ഓടെ വിവരം ആശാ വര്‍ക്കര്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.
ഉടന്‍തന്നെ ആരോഗ്യവകുപ്പ് അധികൃതര്‍ പോളിങ് സ്‌റ്റേഷന്‍ അണുവിമുക്തമാക്കി. വോട്ടേഴ്‌സ് ലിസ്റ്റില്‍ ക്രമനമ്പര്‍ പരിശോധിച്ച് വോട്ടു ചെയ്തവരുടെ മേല്‍വിലാസം കണ്ടെത്തി അവരെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
കോവിഡ് ബാധിതര്‍ക്ക് വൈകീട്ട് ആറുമുതല്‍ ഏഴുവരെയാണ് വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നത്. എന്നാല്‍ ഈ സമയക്രമം പാലിക്കാതെ 72 കാരി രാവിലെ 11 മണിയ്ക്ക് വോട്ടുചെയ്യാനെത്തുകയായിരുന്നു. ക്വാറന്റീന്‍ ലംഘിച്ച് വോട്ട് ചെയ്തത് ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് അധികൃതര്‍ ഇരവിപുരം പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.