പാലായില്‍ യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th April 2021 07:03 AM |
Last Updated: 09th April 2021 07:03 AM | A+A A- |
പാലയില്‍ യുവതിയെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി സന്തോഷ്
പാലാ: പരീക്ഷ എഴുതാൻ പോയ യുവതിയെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുൻ കൊലക്കേസ് പ്രതിയായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കടപ്പാട്ടൂർ പുറ്റുമഠത്തിൽ സന്തോഷ് (അമ്മാവൻ സന്തോഷ് -61) ആണ് പൊലീസ് പിടിയിലായത്.
ബുധനാഴ്ച പുലർച്ചെ വെള്ളിയേപ്പള്ളി വലിയമലയ്ക്കൽ റ്റിന്റു മരിയ ജോണിനാണ് (26) തലയ്ക്ക് അടിയേറ്റത്. ഇരുമ്പുപാര കൊണ്ടായിരുന്നു ആക്രമണം. 3 വർഷമായി റ്റിന്റു അമ്മയോടും സഹോദരിയോടുമൊപ്പം വെള്ളിയേപ്പള്ളിയിൽ വാടകയ്ക്കു താമസിക്കുകയാണ്. തീർഥാടനകേന്ദ്രങ്ങളിൽ സ്ഥിരമായി ടിന്റു സന്ദർശനം നടത്തിയിരുന്നു. സന്തോഷിന്റെ ഓട്ടോറിക്ഷയിലാണ് യാത്ര ചെയ്തിരുന്നത്.
സന്തോഷും റ്റിന്റുവും ഇങ്ങനെയാണ് അടുപ്പക്കാരായതെന്ന് പൊലീസ് പറയുന്നു. വർഷങ്ങൾക്കു മുൻപ് കെഎസ്ഇബി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സന്തോഷ്. കെഎസ്ആർടിസി ഡ്രൈവറായി വിരമിച്ചയാളാണ്. കഴിഞ്ഞ ചൊവ്വാഴ്ച റ്റിന്റുവും സന്തോഷും അർത്തുങ്കലിലും മറ്റും പോയി. വൈകുന്നേരത്തോടെ റ്റിന്റുവിനെ വീട്ടിൽ എത്തിച്ചു. പിറ്റേന്നു പുലർച്ചെ വരാമെന്നു സന്തോഷ് പറഞ്ഞിരുന്നു.
ഭാര്യയും 2 പെൺമക്കളുമുള്ള സന്തോഷ് റ്റിന്റുവിനെ എങ്ങനെ ഒഴിവാക്കണമെന്ന് ആലോചിച്ച് അവസാനം വകവരുത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച പുലർച്ചെ നാലോടെ സന്തോഷ് വീട്ടിലെ ഇരുമ്പുപാരയുമായി ബന്ധുവിന്റെ കാറിൽ യുവതിയുടെ വീടിനു സമീപമെത്തി കാത്തുകിടന്നു. 4.45നു സന്തോഷ് സ്ഥലത്തെത്തിയെന്ന് ഫോൺ വിളിച്ച് ഉറപ്പിച്ച റ്റിന്റു വീട്ടിൽ നിന്ന് ഇറങ്ങി സന്തോഷിന് അടുത്തെത്തി. ഉടൻ ഇരുമ്പുപാരയുമായി സന്തോഷ് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
റ്റിന്റു പ്രാണരക്ഷാർഥം ഓടിയെങ്കിലും സന്തോഷ് പിന്തുടർന്ന് പലതവണ തലയ്ക്കടിച്ചു. മരിച്ചെന്നു കരുതി ഫോണും കൈക്കലാക്കി കാറിൽ കയറിപ്പോയി. കാർ പാലായിലെ വർക്‌ഷോപ്പിൽ ഏൽപിച്ച ശേഷം തെളിവു നശിപ്പിക്കാനായി റ്റിന്റുവിന്റെ മൊബൈൽ ഫോൺ പാലാ പാലത്തിൽ നിന്ന് മീനച്ചിലാറ്റിലേക്കു വലിച്ചെറിഞ്ഞു. തുടർന്നു പതിവുപോലെ ടൗണിലെത്തി സന്തോഷ് ഓട്ടോറിക്ഷ ഓടിച്ചതായും പൊലീസ് പറയുന്നു.