കണികണ്ടുണര്‍ന്ന് മലയാളികള്‍; പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു ; ആശംസകള്‍ നേര്‍ന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : സമൃദ്ധിയുടെ സ്മരണകളും പ്രതീക്ഷകളുമായി ഇന്ന് വിഷു. വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കേണ്ട നന്മകളുടെ പ്രതീക്ഷകളുമായാണ് വിഷുപ്പുലരിയിലേക്ക് ഓരോ മലയാളിയും കണ്ണ് തുറക്കുന്നത്. ശബരിമലയിലും ഗുരുവായൂരിലും അടക്കം സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം വിഷുക്കണിയൊരുക്കിയിരുന്നു. 

ഗുരുവായൂരില്‍ പുലര്‍ച്ചെ 2.30 ന് വിഷുക്കണി ദര്‍ശനം നടന്നു. പുലർച്ചെ 2.15 ന് മേൽശാന്തി ശങ്കരനാരായണ പ്രമോദ് നമ്പൂതിരി ആദ്യം ഗുരുവായൂരപ്പന് വിഷുക്കണി കാണിച്ചു. തൃക്കൈയ്യിൽ വിഷു കൈനീട്ടവും സമർപ്പിച്ചു. പിന്നീട്  2.30ന് ക്ഷേത്രത്തിനകത്തേക്ക് ഭക്തരെ വിഷുക്കണി ദർശനത്തിനായി പ്രവേശിപ്പിച്ചു. നാലമ്പലത്തിലേക്ക് ഭക്തർക്ക് പ്രവേശനം അനുവദിക്കാത്തതിനാൽ പുറത്തു നിന്നാണ് ഭക്തർക്ക് തൊഴാനും വിഷുക്കണി ദർശിക്കാനും കഴിഞ്ഞത്.  ശബരിമലയിലും നിരവധി ഭക്തര്‍ വിഷുക്കണി ദര്‍ശിച്ചു. 

ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഹൃദ്യമായ വിഷു ആശംസകള്‍ നേര്‍ന്നു. ' സമൃദ്ധിയുടെയും പുരോഗതിയുടെയും പ്രതീകമായ വിഷു, സമാധാനവും ഐശ്വര്യവും ഒരുമയും നല്കി നമ്മെ അനുഗ്രഹിക്കട്ടെ' എന്ന് ഗവര്‍ണര്‍ ആശംസസന്ദേശത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്നു. കോവിഡ് മഹാമാരി ശക്തമായി നിലനില്‍ക്കുന്ന ഒരു സാഹചര്യത്തിലാണ് ഇത്തവണയും വിഷു കടന്നു വന്നിരിക്കുന്നത്. രോഗവ്യാപനത്തിന് ഇടയാക്കുന്ന സാഹചര്യങ്ങള്‍ എല്ലാവരും ഒഴിവാക്കണം. വിഷു നല്‍കുന്ന ഒത്തൊരുമയുടെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച്  ഈ മഹാമാരിയെ മറികടക്കാമെന്ന് ആശംസാ സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. 

മാറ്റത്തിന്റെ നാന്ദി കുറിക്കുന്ന ഈ വിഷുക്കാലം ഐശ്വര്യ കേരളത്തിന്റെ വരവറിയിക്കലാണ്.നന്മയും സമൃദ്ധിയും സമാധാനവും നിറഞ്ഞ ജീവിതം കൈനീട്ടമായി മലയാളിക്ക് ലഭിക്കും. എല്ലാവര്‍ക്കും സ്‌നേഹം നിറഞ്ഞ വിഷു ആശംസകള്‍. രമേശ് ചെന്നിത്തല ആശംസാസന്ദേശത്തില്‍ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com