കേരളത്തിലും കര്‍ഫ്യൂ ?; മുഖ്യമന്ത്രി വിളിച്ച അടിയന്തര ഉന്നതതല യോഗം ഇന്ന്

രണ്ടുദിവസം കൊണ്ട് രണ്ടരലക്ഷം പേരില്‍ പരിശോധന നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും.  രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കളക്ടര്‍മാര്‍, ജില്ലാ പോലീസ് മേധാവികള്‍, ഡിഎംഒമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. 

കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടികളും നിയന്ത്രണങ്ങള്‍ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും. രാജ്യത്തുടനീളം കോവിഡ് അതിതീവ്രവ്യാപനത്തിലേക്ക് കടന്നതോടെ പല സംസ്ഥാനങ്ങളും കര്‍ശന നിയന്ത്രണങ്ങളിലേക്ക് കടന്നിട്ടുണ്ട്. കര്‍ഫ്യൂ അടക്കം പലയിടത്തും പ്രഖ്യാപിച്ചു. 

ഈ സാഹചര്യത്തില്‍ സംസ്ഥാനത്തും ഏത് രീതിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് ഉന്നതതലയോഗത്തില്‍ തീരുമാനിക്കും. രോഗവ്യാപനം കൂടിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് 144 അടക്കം പ്രഖ്യാപിക്കാനുള്ള അനുമതി കളക്ടര്‍മാര്‍ക്ക് ഇതിനോടകം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് പരിശോധന വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

വെള്ളി, ശനി ദിവസങ്ങളില്‍ മാസ് കോവിഡ് പരിശോധന നടത്തും. രണ്ടുദിവസം കൊണ്ട് രണ്ടരലക്ഷം പേരില്‍ പരിശോധന നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ക്കാകും ഇത്തരത്തില്‍ കൂട്ട കോവിഡ് പരിശോധന നടത്തുക.

സംസ്ഥാനത്ത് ബുധനാഴ്ച 8,778 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 7,905 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. 13.45 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ആയിരത്തിലേറെപ്പേര്‍ രോഗബാധിതരായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com