കേരളത്തിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല ; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും

സ്‌കൂളുകളിലെ  ആരോഗ്യസുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മാറ്റമില്ല. തെരഞ്ഞെടുപ്പിന് തൊട്ടുപിറകെ ആരംഭിച്ച എസ്എസ്എല്‍സി, പ്ലസ് ടു  പരീക്ഷകള്‍ മാറ്റിവയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. പരീക്ഷകളെല്ലാം നിലവില്‍ നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം തന്നെ തുടരുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. 

പരീക്ഷകള്‍ നീട്ടിവെക്കേണ്ടതില്ലെന്നും കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയാല്‍ മതിയെന്നുമാണ് വിദ്യാഭ്യാസ വകുപ്പ് നിലപാട് സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി സ്‌കൂളുകളിലെ  ആരോഗ്യസുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. രോഗവ്യാപനം ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനും അണുനശീകരണം ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ എല്ലാ സ്‌കൂളുകളിലും നിര്‍ബന്ധമാക്കാനുമാണ് തീരുമാനം.

എട്ട് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ പരീക്ഷക്കെത്തുന്ന വിദ്യാര്‍ഥികളുടെയും ഡ്യൂട്ടിയുള്ള അധ്യാപകരുടെയും ആരോഗ്യ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. മാര്‍ച്ച് മാസം നടക്കേണ്ട പരീക്ഷകള്‍ നീട്ടിവച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. 

ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കാനും പന്ത്രണ്ടാംക്ലാസ് പരീക്ഷകള്‍ മാറ്റാനും തീരുമാനിച്ചിരുന്നു. അതേസമയം, ഐസിഎസ്ഇ, ഐഎസ്ഇ പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് എന്ത് വേണമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com