സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം ; ഇന്നും നാളെയും കൂട്ടപ്പരിശോധന

ഉയര്‍ന്ന തോതില്‍ വ്യാപനം നടക്കുന്ന പ്രദേശങ്ങളിലും മാര്‍ക്കറ്റുകളിലും മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധനാ യൂണിറ്റുകള്‍ ഉപയോഗപ്പെടുത്തും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : കോവിഡ് രോഗബാധ രൂക്ഷമായ സാഹചര്യത്തില്‍ രോഗവ്യാപനം തടയുക ലക്ഷ്യമിട്ട് സംസ്ഥാനത്ത് ഇന്നും നാളെയും കൂട്ടപ്പരിശോധന നടത്തും. വെള്ളി, ശനി ദിവസങ്ങളിലായി രണ്ടര ലക്ഷം പേര്‍ക്ക് പരിശോധന നടത്താനാണ് തീരുമാനം. രോഗവ്യാപനം കൂടുതലായ എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ പരിശോധന.

45 വയസില്‍ താഴെയുളളവര്‍ക്കും ജനങ്ങളുമായി കൂടുതല്‍ ഇടപഴകുന്നവര്‍ക്കും മുന്‍ഗണനനല്‍കും. തെരഞ്ഞെടുപ്പു പ്രക്രിയയില്‍ സജീവമായവര്‍, കോവിഡ് മുന്നണിപ്രവര്‍ത്തകര്‍, കോവിഡ് വ്യാപന പ്രദേശങ്ങളിലുള്ളവര്‍, ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന പൊതുഗതാഗത മേഖല, ഹോസ്പിറ്റാലിറ്റി, ടൂറിസം, ഷോപ്പുകള്‍, ഹോട്ടലുകള്‍, മാര്‍ക്കറ്റുകള്‍, സേവനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ഡെലിവറി എക്‌സിക്യുട്ടീവുകള്‍ എന്നിവരെ കണ്ടെത്തി പരിശോധിക്കും. 

ഉയര്‍ന്ന തോതില്‍ വ്യാപനം നടക്കുന്ന പ്രദേശങ്ങളിലും മാര്‍ക്കറ്റുകളിലും മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധനാ യൂണിറ്റുകള്‍ ഉപയോഗപ്പെടുത്തും. ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കിലും രോഗലക്ഷണമുള്ളവരുടെ സാമ്പിളുകള്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തും. സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.  വിവാഹം, ഗൃഹപ്രവേശം ഉള്‍പ്പെടെയുള്ള പൊതുപരിപാടികള്‍ നടത്താന്‍ പൊലീസ് സ്‌റ്റേഷനുകളിലോ കളക്ടറേറ്റുകളിലോ അറിയിക്കണം. 

തുറസ്സായ സ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ 150 പേര്‍ക്കുമാത്രമേ പങ്കെടുക്കാനാവൂ. പൊതുവാഹനങ്ങളില്‍ നിന്ന് യാത്രചെയ്യാന്‍ അനുവദിക്കില്ല. സംസ്ഥാനത്തെ കടകളും ഹോട്ടലുകളും തിേയറ്ററുകളും ബാറുകളും രാത്രി ഒമ്പതുമണിക്കുശേഷം പ്രവര്‍ത്തിക്കരുത്. തിയേറ്ററുകളില്‍ അമ്പതുശതമാനം പേര്‍ക്കുമാത്രമാണ് അനുമതിയുള്ളത്. രാത്രി ഒമ്പതിനുശേഷവും മെഡിക്കല്‍ ഷോപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാം.  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌കൂള്‍ പരീക്ഷകള്‍ മുടക്കമില്ലാതെ നടത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com