ശനി, ഞായര്‍ കടുത്ത നിയന്ത്രണം; കല്യാണവും ഗൃഹപ്രവേശവും ആകാമോ? സര്‍ക്കാര്‍ ഉത്തരവ് ഇങ്ങനെ

24ന് സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്ക് അവധിയായിരിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: അടുത്ത ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് അനുമതി അവശ്യ സര്‍വീസുകള്‍ക്കു മാത്രം. എല്ലാ യാത്രകളും തടസപ്പെടുത്തി ലോക്ക്ഡൗണ്‍ അന്തരീക്ഷം സൃഷ്ടിക്കില്ല. കല്യാണം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകള്‍ നടത്താം, എന്നാല്‍ 75 പേരെയേ പങ്കെടുപ്പിക്കാവൂ.

24ന് സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്ക് അവധിയായിരിക്കും. എന്നാല്‍ ആ ദിവസം നടക്കേണ്ട ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് മാറ്റമില്ല. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ മുഖേന മാത്രം കഌസുകള്‍ നടത്തണം. ട്യൂഷന്‍ ക്ലാസുകളും സമ്മര്‍ ക്യാമ്പുകളും നിര്‍ത്തിവയ്ക്കണം. 

50 ശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മറ്റു ജീവനക്കാരെ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ക്ക് ഉപയോഗിക്കാം. സ്വകാര്യ മേഖലയിലും വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാന്‍ സ്ഥാപന മേധാവികള്‍ ശ്രദ്ധിക്കണം. 

ബീച്ചുകള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ കോവിഡ് പ്രൊട്ടോക്കോള്‍ പൂര്‍ണമായി പാലിക്കണം. പൊലീസും സെക്ട്രല്‍ മജിസ്‌ട്രേറ്റുമാരും ഇത് ഉറപ്പാക്കണം. രാത്രികാല നിയന്ത്രണങ്ങള്‍ തുടരും. എന്നാല്‍ ഭക്ഷണവിതരണത്തിന് തടസമുണ്ടാകാതെ ശ്രദ്ധിക്കണം. രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും സ്വകാര്യ ആശുപത്രി പ്രതിനിധികളുടെയും യോഗം ഉടന്‍ വിളിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഒരു താലൂക്കില്‍ ഒരു സി. എഫ്. എല്‍. ടി. സിയെങ്കിലും ഉണ്ടെന്ന് ഉറപ്പാക്കും. രോഗികള്‍ വര്‍ധിക്കുന്നതനുസരിച്ച് സി. എഫ്. എല്‍. ടി. സികളുടെ എണ്ണം കൂട്ടും. 35 ശതമാനത്തിലധികം കോവിഡ് വ്യാപനം ഉണ്ടാകുന്ന സ്ഥലങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും. കോവിഡ് വ്യാപനം നിരീക്ഷിക്കുന്നതിനായി ടാസ്‌ക്ക് ഫോഴ്‌സ് രൂപീകരിക്കും. ഇതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന് ആവശ്യമായ ഓക്‌സിജന്‍ ലഭ്യമാണ്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആശുപത്രികളിലും ആവശ്യത്തിന് സജ്ജീകരണങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com