ഷെഡ്യൂള്‍ എടുക്കേണ്ട, രണ്ടാം ഡോസ് വാക്‌സിന് സമയം വിളിച്ച് പറയും

രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് നേരിട്ട് വിളിച്ചോ മെസേജ് വഴിയോ ആകും അറിയിപ്പ് ലഭിക്കുക
കോവിഡ് വാക്സിൻ കുത്തിവയ്പ്പ്/ ഫയൽ ചിത്രം
കോവിഡ് വാക്സിൻ കുത്തിവയ്പ്പ്/ ഫയൽ ചിത്രം

തിരുവനന്തപുരം: രണ്ടാം ഡോസ് എടുക്കേണ്ടവർ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തി രജിസ്റ്റർ ചെയ്യാനായി കാത്തിരിക്കേണ്ടതില്ല. ഓരോ കേന്ദ്രങ്ങളിൽ നിന്നും രണ്ടാം ഡോസിന് എത്തേണ്ട സമയം നേരിട്ട് അറിയിക്കും. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് നേരിട്ട് വിളിച്ചോ മെസേജ് വഴിയോ ആകും അറിയിപ്പ് ലഭിക്കുക. ഇത് അനുസരിച്ച് വാക്സിൻ എടുക്കാനുള്ളവർ വാക്സിനേഷൻ കേന്ദ്രത്തിൽ എത്തിയാൽ മതിയാകും. രണ്ടാം ഡോസിന് സമയമായിട്ടും അറിയിപ്പു ലഭിച്ചില്ലെങ്കിൽ കേന്ദ്രവുമായി ബന്ധപ്പെടണം. 

രണ്ടാം ഡോസ് എടുക്കാൻ കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും സ്പോട്ട് രജിസ്ട്രേഷനിലൂടെ വാകിസിൻ ലഭ്യമാക്കുമെന്നുമാണ് ആരോ​ഗ്യവകുപ്പിന്റെ പുതിയ മാർ​ഗരേഖ. എന്നാൽ ഇതുപ്രകാരം വ്യാഴാഴ്ച നേരിട്ടെത്തിയവർക്ക് മരുന്ന് ലഭിച്ചില്ല. പരാതി ഉയർന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് വ്യക്തത വരുത്തിയത്.

ഓരോ വാക്സിനേഷൻ സെന്ററുകളിലും രണ്ടാമത്തെ ഡോസ് വാക്സിൻ എടുക്കാൻ അർഹതയുള്ളവരുടെ പട്ടിക കോവിൻ പോർട്ടലിൽ ലഭ്യമാണ്. ഇതുപ്രകാരം വാക്സിനേഷൻ സെന്ററുകളിലെ മാനേജർമാർ ആശാപ്രവർത്തകരുടെയും തദ്ദേശഭരണസ്ഥാപനങ്ങളുടെയും സഹായത്തോടെ ഗുണഭോക്താക്കളുടെ പട്ടിക ശേഖരിച്ച് അവരെ അറിയിക്കും. ആദ്യ ഡോസിന്റെ കാലാവധി തീരാറായവർക്ക് പ്രാധാന്യം നൽകാനുമാണ് തീരുമാനം.

സംസ്ഥാനത്തെ രണ്ടാം ഡോസ് വാക്സിൻ എടുക്കാനുള്ള എല്ലാവർക്കും മുൻഗണനയനുസരിച്ച് നൽകിത്തീർക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. നാളെ മുതൽ 18 വയസിന് മുകളിലുള്ളവർക്കുള്ള വാക്സിൻ വിതരണം ആരംഭിക്കാനിരിക്കുകയാണ്. മരുന്നിന്റെ ലഭ്യതയ്ക്കനുസരിച്ച്, രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവർക്ക് മുൻഗണന നൽകിയതിനുശേഷമേ ഓൺലൈൻ ബുക്കിങ്ങിനായി ആദ്യ ഡോസുകാർക്ക് സമയം അനുവദിക്കുകയുള്ളൂ.രണ്ടാം ഡോസ് കോവിഷീൽഡ് വാക്സിൻ ആറുമുതൽ എട്ടാഴ്ചയ്ക്കുള്ളിലും കോവാക്സിൻ നാലുമുതൽ ആറാഴ്ചയ്ക്കുള്ളിലുമാണ് എടുക്കേണ്ടതെന്നും അവർ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com