അവിഹിത ബന്ധം ചോദ്യം ചെയ്തു; മക്കളുടെ കണ്‍മുന്നിലിട്ട് യുവതിയെ തീകൊളുത്തി; ശ്രുതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st August 2021 02:43 PM  |  

Last Updated: 01st August 2021 02:43 PM  |   A+A-   |  

crime News

പ്രതീകാത്മക ചിത്രം

 

പാലക്കാട്:ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കാരപ്പാട് സ്വദേശി ശ്രുതിയുടെ ഭര്‍ത്താവ് ശ്രീജിത്ത് ആണ് കൊല നടത്തിയത്.ശ്രുതിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത് നേരത്തെ, ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി ശ്രീജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു. മകളെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്നതാണെന്ന് ആയിരുന്നു ശ്രുതിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതി.


ശ്രീജിത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളത് ശ്രുതി ചോദ്യം ചെയ്തിരുന്നു. ഇത് സംബന്ധിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മക്കളുടെ കണ്മുന്നില്‍ വെച്ചാണ് ശ്രീജിത്ത് ശ്രുതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. ജൂണ്‍ 18നാണ് ശ്രീജിത്തിന്റെ കിഴക്കഞ്ചേരിയിലെ വീട്ടില്‍ ശ്രുതിയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ശ്രീജിത്ത് തന്നെയാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.

12 വര്‍ഷം മുമ്പാണ് ശ്രുതിയും ശ്രീജിത്തും തമ്മില്‍ വിവാഹിതരായത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ശ്രീജിത്തും ശ്രുതിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും കുടുംബ കലഹം പതിവായിരുന്നതായും വ്യക്തമായി. ശ്രീജിത്തിന് മറ്റൊരു സ്ത്രീയുമായി ഉണ്ടായിരുന്ന ബന്ധം ശ്രുതി അറിഞ്ഞതോടെയാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്.