'വിവാഹം കഴിക്കാന്‍ ജാമ്യം വേണം'; കൊട്ടിയൂര്‍ പീഡനക്കേസിലെ പെണ്‍കുട്ടിക്ക് പിന്നാലെ റോബിന്‍ വടക്കുംചേരിയും സുപ്രീംകോടതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st August 2021 12:02 PM  |  

Last Updated: 01st August 2021 12:02 PM  |   A+A-   |  

robin

ഫാ. റോബിന്‍/ഫയല്‍


ന്യൂഡല്‍ഹി: ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി റോബിന്‍ വടക്കുംചേരി സുപ്രീംകോടതിയെ സമീപിച്ചു. ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ജാമ്യം അനുവദിക്കണം എന്നാണ് മുന്‍ വൈദികന്റെ ആവശ്യം. റോബിന്‍ വടക്കുംചേരിക്കു ജാമ്യം നല്‍കണമെന്ന ആവശ്യവുമായി, കേസിലെ ഇര സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയും ജാമ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. 

ഹര്‍ജി ജസ്റ്റിസുമാരായ വിനീത് ശരണ്‍, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് നാളെ പരിഗണിക്കും. വിവാഹത്തിനായി ജാമ്യം അനുവദിക്കണമെന്ന റോബിന്‍ വടക്കുംചേരിയുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യം അനുവദിക്കുന്നത് വിവാഹത്തിന് നേരിട്ടോ അല്ലാതെയോ നിയമാനുമതി നല്‍കുന്നതുപോലെയാകും. അതിനാല്‍, ഈ വിഷയത്തില്‍ അഭിപ്രായമൊന്നും രേഖപ്പെടുത്താതെ അകന്നു നില്‍ക്കുയാണെന്നാണ് ഹൈക്കോടതി ജാമ്യ അപേക്ഷ തള്ളിക്കൊണ്ട് വ്യക്തമാക്കിയത്. ഇതിന് എതിരെയാണ് റോബിന്‍ വടക്കുംചേരി സുപ്രീം കോടതിയെ സമീപിച്ചത്.

നാല് വയസ്സുള്ള മകനെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ അച്ഛന്റെ പേര് രേഖപെടുത്തുന്നതിന് വിവാഹം അനിവാര്യമാണെന്ന് കാണിച്ചാണ് പെണ്‍കുട്ടി കഴിഞ്ഞദിവസം കോടതിയെ സമീപിച്ചത്. സ്വന്തം ഇഷ്ടപ്രകാരമാണ് ഫാ. റോബിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതെന്നും ഇതിനായി അദ്ദേഹത്തിനു ജാമ്യം നല്‍കണമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ഈ ഹര്‍ജിയും സുപ്രീം കോടതി തിങ്കളാഴ്ച
പരിഗണിക്കും.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസില്‍ ഫാ. റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവാണ് വിചാരണക്കോടതി വിധിച്ചത്. റോബിന്‍ മൂന്ന് ലക്ഷം രൂപ പിഴ ഒടുക്കണമെന്നും തലശ്ശേരി പോക്സോ കോടതി വിധിച്ചിരുന്നു.

കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ നടപടിയെടുക്കാനും കോടതി ഉത്തരവിട്ടിരുന്നു. കള്ളസാക്ഷി പറഞ്ഞതിനാണ് രക്ഷിതാക്കള്‍ക്കെതിരെ നടപടി എടുക്കാന്‍ നിര്‍ദേശിച്ചത്.

കേസിലെ മറ്റ് പ്രതികളായ ഇടവകാംഗമായ തങ്കമ്മ നെല്ലിയാനി, മാനന്തവാടി ക്രിസ്തുദാസ് കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ്മരിയ, കല്ലുമുട്ടി കോണ്‍വെന്റിലെ സിസ്റ്റര്‍ അനീറ്റ, വയനാട് ശിശുക്ഷേമസമിതി മുന്‍ അധ്യക്ഷന്‍ ഫാദര്‍ തോമസ് ജോസഫ് തേരകം, വയനാട് ശിശുക്ഷേമ സമിതി അംഗം ഡോക്ടര്‍ സിസ്റ്റര്‍ ബെറ്റി ജോസ്, വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി മന്ദിരം സൂപ്രണ്ട് സിസ്റ്റര്‍ ഒഫിലിയ എന്നിവരെ് വെറുതെ വിട്ടിരുന്നു.

പീഡനവിവരം മറച്ചുവെച്ചു, നവജാത ശിശുവിനെ വയനാട്ടിലെ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് ഗൂഢാലോചന നടത്തി തുടങ്ങിയവയായിരുന്നു ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. കുട്ടിയെ കാറില്‍ വയനാട്ടിലെ കേന്ദ്രത്തിലേക്ക് കടത്തിയത് തങ്കമ്മ നെല്ലിയാനിയാണെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.ശാസ്ത്രീയ പരിശോധനയില്‍ കുട്ടിയുടെ പിതാവ് റോബിനാണെന്ന് കണ്ടെത്തിയിരുന്നു.

കംപ്യൂട്ടര്‍ പഠിക്കാനായി എത്തിയ പതിനാറുകാരിയെയാണ് സ്വന്തം മുറിയില്‍ വച്ച് റോബിന്‍ വടക്കുംചേരി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയിലായിരുന്നു പെണ്‍കുട്ടിയുടെ പ്രസവം. ചൈല്‍ഡ് ലൈന് ലഭിച്ച രഹസ്യ വിവരം പൊലീസിനു കൈമാറിയതോടെ കേസ് റജിസ്റ്റര്‍ ചെയ്തു. തൊട്ടുപിന്നാലെ ആശുപത്രി അധികൃതരുടെ സഹായത്തോടെ പെണ്‍കുട്ടിയെയും കുഞ്ഞിനെയും വയനാട് വൈത്തിരി ദത്തെടുക്കല്‍ കേന്ദ്രത്തിലാക്കി.

2017 ഫെബ്രുവരിയില്‍ റോബിന്‍ വടക്കുംചേരിയെ കസ്റ്റഡിയിലെടുത്തു. പിന്നാലെ അറസ്റ്റും രേഖപ്പെടുത്തി. ആശുപത്രി അധികൃതര്‍ അടക്കം ആകെ പത്ത് പേര്‍ കേസില്‍ അറസ്റ്റിലായി. എന്നാല്‍ ക്രിസ്തുരാജ് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരെയും അഡ്മിനിസ്ട്രേറ്ററെയും വിടുതല്‍ ഹര്‍ജി അംഗീകരിച്ച് സുപ്രീംകോടതി കുറ്റവിമുക്തരാക്കി.

വിചാരണയ്ക്കിടെ പെണ്‍കുട്ടിയും മാതാപിതാക്കളും കൂറുമാറി. പ്രായപൂര്‍ത്തി ആയെന്നും ഇത് തെളിയിക്കാന്‍ ശാസ്ത്രീയ പരിശോധന വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതേ ആവശ്യവുമായി റോബിനും കോടതിയെ സമീപിച്ചു. ഇരു കൂട്ടരുടെയും ആവശ്യം പോക്സോ കോടതി തള്ളുകയായിരുന്നു.