ഒരാള്‍ക്ക് 3500 രൂപ വീതം ; ക്ഷേത്രദര്‍ശനത്തിന് പോയ അഞ്ചംഗ കുടുംബത്തിന് 17500 രൂപ പിഴ ചുമത്തി പൊലീസ്

സ്‌റ്റേഷനില്‍ അന്വേഷിച്ചപ്പോള്‍ അഞ്ച് പേര്‍ക്കെതിരെ കേസുണ്ടെന്നും 3500 രൂപയോളം വീതം എല്ലാവരും പിഴ നല്‍കേണ്ടി വരുമെന്നും അറിയിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോട്ടയം :  ലോക്ഡൗണ്‍  ദിനത്തില്‍ യാത്ര ചെയ്തതിന് അഞ്ചംഗ കുടുബത്തിന് 17500 രൂപ പിഴ. കഴിഞ്ഞ ശനിയാഴ്ച ക്ഷേത്ര ദര്‍ശനത്തിനായി കാറില്‍ നെടുങ്കണ്ടത്തേക്കു യാത്ര ചെയ്ത കൊക്കയാര്‍ കൊടികുത്തി എസ്‌റ്റേറ്റിലെ തൊഴിലാളി മാന്തറയില്‍ മോഹനനും കുടുംബത്തിനുമാണ് പൊലീസ് വന്‍തുക പിഴ ചുമത്തിയത്. ഒരാള്‍ക്ക് 3500 രൂപ വീതമാണ് പിഴ. സംഭവത്തില്‍ പ്രതിഷേധം ശക്തമാണ്. 

മുറിഞ്ഞപുഴയ്ക്കു സമീപം വളഞ്ഞങ്ങാനത്തു വച്ചാണ് പെരുവന്താനം സ്‌റ്റേഷനിലെ അഡീഷനല്‍ എസ്‌ഐയും സംഘവും മോഹനന്‍ സഞ്ചരിച്ച കാര്‍ പരിശോധിച്ചത്. സത്യവാങ്മൂലം കാണിക്കുകയും ക്ഷേത്രത്തില്‍ പോവുകയാണ് എന്ന് അറിയിക്കുകയും ചെയ്തു. മടങ്ങി വരുമ്പോള്‍ ആശുപത്രിയിലും കയറണം എന്നതിനാലാണ് ലോക്ഡൗണ്‍ ദിനത്തില്‍ യാത്ര ചെയ്തതെന്നും മോഹനന്‍ പൊലീസിനോട് പറഞ്ഞു. 

കേസെടുക്കില്ലെന്നു പറഞ്ഞ പൊലീസ് വിലാസം എഴുതിയെടുത്തു വിട്ടയച്ചു. എന്നാല്‍ പിന്നീട് കേസ് റജിസ്റ്റര്‍ ചെയ്തതായി വിവരം ലഭിച്ചെന്ന് മോഹനന്‍ പറയുന്നു. സ്‌റ്റേഷനില്‍ അന്വേഷിച്ചപ്പോള്‍ അഞ്ച് പേര്‍ക്കെതിരെ കേസുണ്ടെന്നും 3500 രൂപയോളം വീതം എല്ലാവരും പിഴ നല്‍കേണ്ടി വരുമെന്നും അറിയിച്ചു. ഇനി കോടതിയില്‍ നിന്നു സമന്‍സ് വരുമ്പോള്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്നും മോഹനന്‍ പറഞ്ഞു. പണം എത്ര അടയ്ക്കണമെന്ന കാര്യത്തില്‍ ഇനി കോടതി കനിയണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com