കടയില്‍ പോകാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് : സര്‍ക്കാര്‍ നിബന്ധനക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

അണ്‍ലോക് കോവിഡ് മാനദണ്ഡങ്ങള്‍ ഭരണഘടനാ വിരുദ്ധവും മൗലിക അവകാശത്തെ ഹനിക്കുന്നതുമാണെന്ന് ഹർജിക്കാരൻ 
ഹൈക്കോടതി /ഫയല്‍ ചിത്രം
ഹൈക്കോടതി /ഫയല്‍ ചിത്രം

കൊച്ചി :  കടകളില്‍ പോകുന്നതിന് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന സര്‍ക്കാരിന്റെ പുതിയ നിബന്ധനകള്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ചാലക്കുടി സ്വദേശി പോളി വടക്കന്‍ ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ അണ്‍ലോക് കോവിഡ് മാനദണ്ഡങ്ങള്‍ ഭരണഘടനാ വിരുദ്ധവും മൗലിക അവകാശത്തെ ഹനിക്കുന്നതാണെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം.

മരുന്നുകളോട് അലര്‍ജി ഉള്ളവര്‍ക്കു ടെസ്റ്റ് ഡോസ് എടുത്തു വാക്‌സീന്‍ സ്വീകരിക്കാന്‍ സംവിധാനമില്ലാത്ത സാഹചര്യമുണ്ടെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. അലര്‍ജി രോഗിയായ ഹര്‍ജിക്കാരന് ഏത് ഇംഗ്ലിഷ് മരുന്ന് എടുക്കുന്നതിനു മുമ്പും ടെസ്റ്റ് ഡോസ് സ്വീകരിക്കേണ്ടതുണ്ട്. വാക്‌സീന്‍ ടെസ്റ്റ് ഡോസ് ലഭിക്കുമോ എന്നറിയാന്‍ പല ആശുപത്രികളെ സമീപിച്ചെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശം നല്‍കിയിട്ടില്ലെന്നായിരുന്നു മറുപടി. 

ഇതു കാണിച്ച് ഡിഎംഒയ്ക്കു പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. അലര്‍ജി പ്രശ്‌നമുള്ളവര്‍ക്കു വാക്‌സീന്‍ നല്‍കാനാവില്ലെന്നാണ് ആശുപത്രികളുടെ നിലപാട്. അലര്‍ജി പ്രശ്‌നമുള്ള നിരവധിപ്പേരുണ്ട് സമൂഹത്തില്‍. ഇവര്‍ക്ക് എങ്ങനെ വാക്‌സീന്‍ എടുക്കണം എന്നു സര്‍ക്കാര്‍ പറയണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. ഹര്‍ജി തിങ്കളാഴ്ച ജസ്റ്റിസ് പി ബി സുരേഷ് കുമാറിന്റെ സിംഗിള്‍ ബെഞ്ച് പരിഗണിക്കും. 

സര്‍ക്കാരിന്റെ പുതിയ മാനദണ്ഡം അനുസരിച്ച് വാക്‌സിന്‍ എടുത്ത് രണ്ടാഴ്ച കഴിഞ്ഞവര്‍ക്ക് മാത്രമാണ് കടയിലോ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കോ പുറത്തിറങ്ങാന്‍ സാധിക്കുക. അല്ലെങ്കില്‍ കോവിഡ് വന്നു മാറി ഒരു മാസം പൂര്‍ത്തിയാകാത്തവര്‍ക്കും 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും അനുവാദമുണ്ട്. എല്ലാ ദിവസവും ആര്‍ടിപിസിആര്‍ എടുക്കുക പ്രായാഗികമല്ല എന്നതിനാല്‍  സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com