പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കള്ളിൽ കഞ്ചാവു കലർത്തി; 21 ഷാപ്പുകൾ പൂട്ടി, ലൈസൻസികൾക്കും ജീവനക്കാർക്കുമെതിരെ കേസ്

ലഹരി കൂടുന്നതിനൊപ്പം കള്ള കുടിക്കുന്നവരെ സ്ഥിരം ഉപഭോക്താക്കളാക്കുന്നതിനും ലക്ഷ്യമിട്ടാണ് ലഹരി കലർത്തിയത്

കൊച്ചി; തെങ്ങിൽ കള്ളിൽ കഞ്ചാവിന്റെ അംശം കണ്ടെത്തിയതിനെ തുടർന്ന് 21 ഷാപ്പുകൾ പൂട്ടി. എക്സൈസ് റെയ്ഞ്ചിലെ നാല് ​ഗ്രൂപ്പുകളിലെ അഞ്ചു ഷാപ്പുകളിൽ വിറ്റിരുന്ന കള്ളിൽ കഞ്ചാവിന്റെ അംശം കണ്ടെത്തിയതിനെ തുടർന്ന് നാലു ​ഗ്രൂപ്പുകളിലേയും മുഴുവൻ ഷാപ്പുകളുമാണ് എക്സൈസ് അധികൃതരെത്തി അടച്ചു പൂട്ടിയത്. അഞ്ച്, ആറ്, എട്ട്, ഒൻപത് ​ഗ്രൂപ്പുകൾക്കെതിരെയാണ് നടപടിയുണ്ടായത്. 

21 ഷാപ്പുകളാണ് നാലു ​ഗ്രൂപ്പുകളിലായുള്ളത്. ലൈസൻസികൾക്കെതിരെയും അഞ്ച് ഷാപ്പിലെ ജീവനക്കാർക്കെതിരെയും കേസെടുത്തതായി എക്സൈസ് സിഐ ജോസ് പ്രതാപ് പറഞ്ഞു. കഴിഞ്ഞ നവംബറിൽ വിറ്റ തെങ്ങിൽ കള്ളിലാണ് കഞ്ചാവിന്റെ അംശം കണ്ടെത്തിയത്. പതിവ് പരിശോധനയുടെ ഭാ​ഗമായി നവംബർ 29 ന് എക്സൈസ് അധികൃതർ സാംപിൾ പരിശോധനയ്ക്കെടുത്തത്. അന്നത്തെ സാംപിളിന്റെ ലബോറട്ടറി പരിശോധനാ ഫലം ചൊവ്വാഴ്ചയാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

പാലക്കാട്ടു നിന്നു കൊണ്ടുവന്ന കള്ളിലാണ് കഞ്ചാവ് കലർത്തിയത്. ലഹരി കൂടുന്നതിനൊപ്പം കള്ള കുടിക്കുന്നവരെ സ്ഥിരം ഉപഭോക്താക്കളാക്കുന്നതിനും ലക്ഷ്യമിട്ടാണ് ലഹരി കലർത്തിയത്. സ്പിരിറ്റും മറ്റ് രാസവസ്തുക്കളും ചേർത്ത് കള്ളിന് വീര്യം കൂടുന്ന പതിവ് നേരത്തെ മുതലുണ്ട്. ഇതിനു പുറമെയാണ് കഞ്ചാവ് കൂടി ചേർക്കുന്നതായി കണ്ടെത്തിയത്. ഷാപ്പുകളിലെ പരിശോധന ഊർജിതമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com