ലൈംഗികത്തൊഴിലാളിയുടെ പേരിൽ ഫോൺ നമ്പർ പ്രചരിപ്പിച്ചു; ദിവസവും വരുന്നത് അമ്പതോളം കോളുകൾ; വീട്ടമ്മ ദുരിതത്തിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th August 2021 09:02 AM  |  

Last Updated: 14th August 2021 09:15 AM  |   A+A-   |  

Phone number circulated in the name of a sex worker

പ്രതീകാത്മക ചിത്രം

 

കോട്ടയം; ലൈം​ഗികത്തൊഴിലാളിയുടെ പേരിൽ മൊബൈൽ നമ്പർ പ്രചരിപ്പിച്ചതിനെ തുടർന്ന് ദുരിതത്തിലാണ് വീട്ടമ്മ. വാകത്താനം സ്വദേശിനിയായ ജോസിമോൾ ആണ് സാമൂഹികവിരുദ്ധരുടെ ക്രൂരതമാശയ്ക്ക് ഇരയായത്. ഇവരുടെ നമ്പർ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയും ശൗചാലയങ്ങളിലും മറ്റും എഴുതിവയ്ക്കുരയുമായിരുന്നു. പൊലീസിൽ പലവട്ടം പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് പറയുന്നത്. 

ഭർത്താവുപേക്ഷിച്ചതിനെ തുടർന്ന് നാലുമക്കളുമായി തെങ്ങണയ്ക്കടുത്ത് വാടകയ്ക്ക് താമസിക്കുകയാണ് ജെസിമോൾ. തയ്യൽജോലി ചെയ്താണ് ഇവർ കുടുംബം പോറ്റുന്നത്. ഒൻപതു മാസം മുൻപാണ് ശല്യം ആരംഭിക്കുന്നത്. ഒരുദിവസം 50 കോളുകൾവരെയാണ് ഫോണിൽ വരുന്നത്. ഒരുനമ്പരിൽനിന്നുതന്നെ 30-ഉം അതിലധികവും കോളുകൾ. മക്കളാണ് ഫോണെടുക്കുന്നതെങ്കിൽ അവരോടും ഇതേ രീതിയിലാണ് സംസാരം. 

പല സ്റ്റേഷനുകളിൽ മാറിമാറി പരാതി നൽകിയെങ്കിലും നമ്പർ മാറ്റാൻ ഉപദേശിക്കുന്നതല്ലാതെ നടപടിയുണ്ടാകുന്നില്ല. എന്നാൽ വസ്ത്രം തുന്നിനൽകുന്ന ജോലി വർഷങ്ങളായി ചെയ്യുന്നതിനാൽ നമ്പർ മാറ്റുന്നത് തന്റെ ജോലിയെ ബാധിക്കുമെന്നാണ് ജെസിമോൾ പറയുന്നത്. സാമൂഹിക മാധ്യമത്തിൽകൂടി സാമൂഹികവിരുദ്ധരുടെ അതിക്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞ് വീഡിയോ ഇട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ജില്ലാ പോലീസ് മേധാവിക്ക് ഇതുസംബന്ധിച്ച് പരാതി നൽകി. കാര്യങ്ങൾ പഠിച്ചുവരുകയാണെന്ന് അവർ പറഞ്ഞു.