ദേശീയ പതാകയെ അപമാനിച്ചു; കെ സുരേന്ദ്രനെതിരെ കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th August 2021 07:59 PM  |  

Last Updated: 15th August 2021 08:01 PM  |   A+A-   |  

Case against K Surendran

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ദേശീയ പതാകയെ അപമാനിച്ചതിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസ്. സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക തലതിരിച്ചുയര്‍ത്തിയെന്ന സിപിഎം പ്രവര്‍ത്തകരുടെ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസ് എടുത്തത്‌. ചടങ്ങില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. 

സ്വാതന്ത്ര്യദിനത്തില്‍ ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിന് മുന്നില്‍ ദേശീയ പതാക ഉയര്‍ത്തിയപ്പോഴാണ് അബദ്ധം പിണഞ്ഞത്. ദേശീയ പതാക തല തിരിച്ചുയര്‍ത്തുകയായിരുന്നു. ഉയര്‍ത്തുന്നതിനിടെ മറ്റ് പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പതാക തിരിച്ചിറക്കി വീണ്ടും ഉയര്‍ത്തി. ഇതിന് പിന്നാലെ സുരേന്ദ്രനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.

സംഭവത്തില്‍ മന്ത്രി ശിവന്‍കുട്ടി സുരേന്ദ്രനെ പരിഹസിച്ച് രംഗത്തുവന്നിരുന്നു. ദേശീയ പതാക എങ്ങനെ ഉയര്‍ത്തണം എന്ന് പോലും അറിയാത്തവര്‍ ദേശീയതയെ കുറിച്ച് സംസാരിക്കുന്നത് വിരോധാഭാസമാണെന്ന് മന്ത്രി പറഞ്ഞു. ദേശീയ പതാക തിരിച്ചു കെട്ടിയാണ് ഒരു നേതാവ് പതാക ഉയര്‍ത്തിയത്. ഒരു ദേശീയ പാര്‍ട്ടിയുടെ സംസ്ഥാന തലവന്‍ ആണ് ഇത് ചെയ്തത് എന്നതാണ് ഏറെ ചിന്തിക്കേണ്ടത്.

സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ നാം തീര്‍ച്ചയായും ഓര്‍ക്കേണ്ട ചിലതുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം പഠിക്കുന്ന ഏതൊരാളും പ്രത്യേകം ശ്രദ്ധിക്കുന്ന ഒന്നാണ് ഒരു വിഭാഗം ആളുകള്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത ചരിത്രം. ഇന്ന് ദേശീയതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവരുടെ മുന്‍ഗാമികള്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കി രക്ഷപ്പെട്ടവര്‍ ആണ്. അവര്‍ക്ക് അവരുടെ സൗകര്യമാണ് ദേശീയത എന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.