മാന്‍കൊമ്പ് പിടിച്ചത് മഹസറിലില്ല; കൊച്ചി മയക്കുമരുന്ന് കേസില്‍ വീഴ്ച പറ്റിയെന്ന് എക്‌സൈസ് റിപ്പോര്‍ട്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th August 2021 11:17 AM  |  

Last Updated: 26th August 2021 11:17 AM  |   A+A-   |  

MDMA

പ്രതീകാത്മക ചിത്രം

 

കൊച്ചി: കാക്കനാട്ടെ ലഹരിക്കേസില്‍ എക്‌സൈസിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തല്‍. കേസിലെ നടപടിക്രമങ്ങളിലാണ് വീഴ്ചയുണ്ടായത്. മാന്‍കൊമ്പ് പിടികൂടിയത് മഹസറില്‍ ചേര്‍ക്കാതിരുന്നത് വലിയ വീഴ്ചയാണെന്നും അഡീഷണല്‍ എക്‌സൈസ് കമ്മീഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ ഇന്ന് നടപടിയുണ്ടായേക്കും

കാക്കനാട് ഫ്‌ലാറ്റില്‍ നിന്ന് എംഡിഎംഎ പിടികൂടിയ കേസില്‍ പ്രാഥമിക പരിശോധനയില്‍ തന്നെ എക്‌സൈസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ്  അഡീഷണല്‍ എക്‌സൈസ് കമ്മീഷണറുടെ  അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് എക്‌സൈസ് കമ്മീഷണര്‍ക്ക് കൈമാറും. റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടിയുണ്ടാകുമെന്ന് മന്ത്രിയും വ്യക്തമാക്കിയിരുന്നു.

മയക്കുമരുന്ന് റെയ്ഡിന് ശേഷം കേസിലെ ചിലപ്രതികളെ ഒഴിവാക്കിയതടക്കമുള്ള ആരോപണമാണ് എക്‌സൈസിന് എതിരെ ഉയര്‍ന്നുവന്നിട്ടുള്ളത്. കേസ് രജിസ്റ്റര്‍ ചെയ്തതിലടക്കം നപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ വലിയ വീഴ്ചയുണ്ടായിട്ടുണ്ട്. ഫ്‌ലാറ്റില്‍ നിന്ന് ആദ്യം പിടികൂടിയത് 83ഗ്രാം എംഡിഎംഎയാണ്. അതുമായി ബന്ധപ്പെട്ട് ഏഴ് പേരെ അറസ്റ്റ് ചെയ്തു. പിന്നീട് അതേസ്ഥലത്തുവച്ച് തന്നെ ഒരുകിലോ പിടികൂടി. എന്നാല്‍ അവിടെ പ്രതിസ്ഥാനത്ത് ആരും ഇല്ല. പിടികൂടിയ ഏഴുപേരില്‍ അഞ്ച് പേരെ മാത്രമാണ് കോടതിയില്‍ ഹാജരാക്കിയത്. കൂടാതെ വാഹനപരിശോധനയില്‍ പിടിച്ചെടുത്ത മാന്‍കൊമ്പ് മഹസറില്‍ എഴുതാനും എക്‌സൈസ് തയ്യാറായില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്