വയറിലെ പരിക്ക് ഉളി കൊണ്ട് കുത്തിയത് ; യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു ; സുഹൃത്ത് അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th August 2021 06:35 AM  |  

Last Updated: 30th August 2021 06:35 AM  |   A+A-   |  

ajo

അറസ്റ്റിലായ അജോ / ടെലിവിഷൻ ചിത്രം

 

കോട്ടയം : വയറില്‍ ആഴത്തില്‍ മുറിവേറ്റ് യുവാവ് മരിച്ചത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ സുഹൃത്ത് അറസ്റ്റിലായി. മരുതുംമൂട് കുഴിവേലിമറ്റത്തില്‍ അജോ (36) ആണ് അറസ്റ്റിലായത്. പെരുവന്താനം മരുതുംമൂട് ആലപ്പാട്ട് ലിന്‍സണ്‍ (34) ആണ് കഴിഞ്ഞദിവസം മരിച്ചത്. 

വയറില്‍ മുറിവേറ്റ നിലയില്‍ ലിന്‍സണെ വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയാണ് സുഹൃത്ത് അജോ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. തടി നിര്‍മാണ വര്‍ക്ക്‌ഷോപ്പില്‍ വച്ച് ലിന്‍സണ്‍ വീഴുന്നതിനിടെ ഉളി വയറില്‍ കുത്തിക്കയറിയെന്നാണ് അജോ ആശുപത്രിയില്‍ പറഞ്ഞത്.  സുബോധത്തോടെ ആയിരുന്നെങ്കിലും ലിന്‍സണ്‍ സുഹൃത്തിനെതിരായി ഒന്നും പറഞ്ഞില്ല. 

ആഴത്തില്‍ മുറിവുള്ളതിനാല്‍ ഇവരെ മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞയച്ചു. ഇതിനിടെ ലിന്‍സണ്‍ അബോധാവസ്ഥയില്‍ ആകുകയും രാത്രി മരിക്കുകയും ചെയ്തു. ആന്തരിക രക്തസ്രാവം ഉണ്ടായതാണ് മരണത്തിനു കാരണം. ബന്ധുക്കളും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറും മരണത്തില്‍ സംശയം പ്രകടിപ്പിച്ചതോടെ അജോയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതോടെയാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

ഉറ്റ സുഹൃത്തുക്കളായ ഇരുവരും ഒരുമിച്ചു മദ്യപിക്കുകയും വഴക്കുണ്ടാക്കുകയും പതിവായിരുന്നു. വെള്ളിയാഴ്ച പകല്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് വൈകിട്ട് ആറു മണിയോടെ ലിന്‍സണ്‍ അജോയുടെ വര്‍ക്ക് ഷോപ്പില്‍ എത്തുകയും വീണ്ടും ഇരുവരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടാവുകയും ചെയ്തു. ഇതിനിടെ അജോ ഉളി ഉപയോഗിച്ച് ലിന്‍സണെ കുത്തുകയായിരുന്നു.

പുറമേ ചെറിയ മുറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാല്‍ സുഹൃത്തിനെ രക്ഷിക്കാനാകും ലിന്‍സണ്‍ കുത്തേറ്റ കാര്യം ആശുപത്രി അധികൃതരോട് മറച്ചുവച്ചതെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.