വയനാട്ടില്‍ ഒരാള്‍ വെടിയേറ്റ് മരിച്ച സംഭവം; അബദ്ധത്തിലുണ്ടായ അപകടമല്ല, വെടികൊണ്ടത് ദൂരെ നിന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd December 2021 07:07 AM  |  

Last Updated: 02nd December 2021 07:34 AM  |   A+A-   |  

pistol

പ്രതീകാത്മക ചിത്രം


കൽപ്പറ്റ: വയനാട് കോട്ടത്തറ വണ്ടിയാമ്പറ്റയിൽ വെടിയേറ്റ് മരിച്ച കോട്ടത്തറ സ്വദേശി ജയന് വെടികൊണ്ടത് ദൂരെ നിന്നാണെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തോക്കിൽ തിര നിറക്കുന്നതിനിടെ അബദ്ധത്തിലുണ്ടായ അപകടമല്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമാവുന്നത്. 

രാത്രി നെൽപാടത്ത് കാട്ടുപന്നിയെ വേട്ടയാടാനിറങ്ങിയ സംഘത്തിന്റെ വെടിയേറ്റാണ് ജയൻ മരിച്ചതെന്നാണ് പൊലീസിന്റെ നി​ഗമനം. കൽപ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്തിൽ 15 അംഗ അന്വേഷണ സംഘമാണ് അന്വേഷണം നടത്തുന്നത്. ബാലസ്റ്റിക് വിദഗ്ധരുടെ സഹായവും പൊലിസ്  തേടിയിട്ടുണ്ട്.

ഒപ്പമുണ്ടായിരുന്ന ബന്ധുവിന്റെ നില ഗുരുതരം

കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് ജയൻ വെടിയേറ്റു മരിച്ചത്. ജയന് ഒപ്പമുണ്ടായിരുന്ന ബന്ധു ശരണിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശരണിന്റെ നില ​ഗുരുതരമാണ്. മെച്ചന മേലേ ചുണ്ട്‌റാൻകോട്ട് കുറിച്യ കോളനിയിലെ രണ്ട്എ പേർക്കൊപ്പമാണ് ഇതേ കോളനിയിലെ തന്നെ ജയനും ശരണും വയലിൽ പോയത്. 

പാടത്ത് കാട്ടുപന്നിയെ ഓടിക്കാൻ പോയപ്പോൾ മറ്റാരോ വെടിവയ്ക്കുകയായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇരുവരേയും ഒപ്പമുള്ളവർ തന്നെയാണ് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പൊലിസ് കൂടെയുണ്ടായിരുന്നവരെ ചോദ്യം ചെയ്തുവരികയാണ്.