നാസ ബഹിരാകാശ ദൗത്യത്തിലെ 10 പേരില്‍ മലയാളിയും; അനില്‍ മേനോന്‍ ബഹുമുഖ പ്രതിഭ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th December 2021 09:19 AM  |  

Last Updated: 08th December 2021 09:21 AM  |   A+A-   |  

anil_menon_nasa

ഡോ അനില്‍ മേനോന്‍


ന്യൂയോർക്ക്: നാസയുടെ ബഹിരാകാശ യാത്രികരുടെ സംഘത്തി‍ൽ ഉൾപ്പെട്ട് വിദേശ മലയാളി ഡോ. അനിൽ മേനോൻ. 10 പേരടങ്ങുന്ന ബഹിരാകാശ സംഘത്തെയാണ് നാസ പ്രഖ്യാപിച്ചത്. മനുഷ്യനെ വീണ്ടും ചന്ദ്രനിൽ ഇറക്കാനുള്ള ആർട്ടിമിസ് പദ്ധതിയുടെ ഭാ​ഗമായാണ് ബഹിരാകാശ ദൗത്യ സംഘത്തെ നാസ തെരഞ്ഞെടുത്തിരിക്കുന്നത്. 

മെഡിസിനും മെക്കാനിക്കൽ എൻജിനീയറിങ്ങും പോലുള്ള വിഭിന്ന ബ്രാഞ്ചുകളുൾപ്പെടെ പത്തോളം ബിരുദങ്ങളും സർട്ടിഫിക്കേഷനുകളും ലൈസൻസുകളുമുള്ള വ്യക്തിയാണ് അനിൽ മേനോൻ.  ഇന്ത്യയിലെത്തിയപ്പോൾ മാതൃഭാഷയായ മലയാളവും പഠിച്ചെന്ന് അനിൽ മേനോൻ പറയുന്നു. 

2018 മുതല്‍ സ്‌പേസ് എക്‌സിനൊപ്പം

ആറ് പുരുഷന്മാരും നാല് സ്ത്രീകളുമാണ് നാസയുടെ ബഹിരാകാശ സംഘത്തിലുള്ളത്. 12000ൽ അധികം അപേക്ഷകളിൽ നിന്നാണ് ഈ 10 പേരെ തെരഞ്ഞെടുത്തത്. ഫ്‌ളൈറ്റ് സർജനായി 2014ലാണ് അനിൽ നാസക്കൊപ്പം ചേരുന്നത്. 2018ൽ സ്‌പേസ് എക്‌സിനൊപ്പം ചേർന്ന അനിൽ അവിടെ അഞ്ച് വർഷത്തോളം ലീഡ് ഫ്‌ളൈറ്റ് സർജനായി പ്രവർത്തിച്ചു.

അച്ഛന്‍ മലബാര്‍ സ്വദേശി, അമ്മ യുക്രെയ്ന്‍

യുഎസിലെ മിനിയപ്പലിസിലാണ് അനിലിന്റെ ജനനം. മലബാർ മേഖലയിൽ നിന്ന് യുഎസിലേക്ക് ചേക്കേറുകയായിരുന്നു അനിലിന്റെ പിതാവ് ശങ്കരൻ മേനോൻ. മിനസോഡയിലെ സെന്റ് പോൾ അക്കാദമിയിൽ സ്‌കൂൾ വിദ്യാഭ്യാസം. പിന്നാലെ ഹാർവഡ് സർവകലാശാലയിൽ നിന്ന് 1995 ൽ ന്യൂറോ ബയോളജിയിൽ ബിരുദം നേടി. തുടർന്ന് സ്റ്റാൻഫഡിൽ നിന്നു മെക്കാനിക്കൽ എൻജിനീയറിങ്ങിൽ മാസ്റ്റർ ഓഫ് സയൻസ്. വൈദ്യമേഖലയിൽ തിരിച്ചെത്തിയ അദ്ദേഹം സ്റ്റാൻഫഡ് മെഡിക്കൽ സ്‌കൂളിൽ നിന്നു 2006 ൽ ഡോക്ടർ ഓഫ് മെഡിസിൻ ബിരുദം നേടി. 

എയ്‌റോ സ്‌പേസ് മെഡിസിൻ, എമർജൻസി മെഡിസിൻ, പബ്ലിക് ഹെൽത്ത്, പർവതാരോഹണം തുടങ്ങിയവ നടത്തുന്നവർക്കായുള്ള ചികിത്സാരീതി എന്നിവയിലും അനിൽ ബിരുദം നേടി. 2010ലെ ഹെയ്റ്റി ഭൂകമ്പം, 2015ലെ നേപ്പാൾ ഭൂകമ്പം തുടങ്ങിയ ദുരന്തങ്ങളിൽ അദ്ദേഹം അടിയന്തര വൈദ്യസേവനം നടത്തി.