നേതാക്കള്‍ക്ക് പാര്‍ലമെന്ററി വ്യാമോഹം; എറണാകുളം ജില്ലയില്‍ പാര്‍ട്ടിയുടെ 'ക്വാളിറ്റി' നഷ്ടമായി ; രൂക്ഷവിമര്‍ശനവുമായി കോടിയേരി 

അവിഹിത സ്വത്തു സമ്പാദനത്തിന്റെ ഒട്ടേറെ കഥകള്‍ ജില്ലയില്‍ നിന്നും കേള്‍ക്കുന്നുണ്ട്
ജില്ലാ സമ്മേളനത്തിനിടെ കോടിയേരി നേതാക്കളുമായി സംസാരിക്കുന്നു/ ന്യൂ ഇൻഡ്യൻ എക്സ്പ്രസ് ചിത്രം
ജില്ലാ സമ്മേളനത്തിനിടെ കോടിയേരി നേതാക്കളുമായി സംസാരിക്കുന്നു/ ന്യൂ ഇൻഡ്യൻ എക്സ്പ്രസ് ചിത്രം

കൊച്ചി : എറണാകുളം ജില്ലയിലെ സിപിഎം നേതാക്കള്‍ക്ക് പാര്‍ലമെന്ററി വ്യാമോഹമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതുമൂലം  ജില്ലയില്‍ പാര്‍ട്ടിയുടെ 'ക്വാളിറ്റി' നഷ്ടമായെന്നും കോടിയേരി പറഞ്ഞു. ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന്റെ മറുപടി പ്രസംഗത്തിലാണ് സംസ്ഥാന സെക്രട്ടറിയുടെ വിമര്‍ശനം.  

കേട്ടുകേള്‍വിയില്ലാത്ത രീതിയിലെ പ്രവര്‍ത്തനമാണ് ജില്ലയില്‍ നടക്കുന്നത്. ഇതാണ് കേരളത്തിലെ സിപിഎമ്മിന് എറണാകുളത്തെ പാര്‍ട്ടിയുടെ സംഭാവന. പിറവം, പെരുമ്പാവൂര്‍ തോല്‍വികള്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. സ്വതന്ത്ര സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുകയെന്നത് ജില്ലയില്‍ പാര്‍ട്ടി സ്വീകരിച്ചുവരുന്ന നയമാണ്. 

അവരോട് ഉത്തരവാദപ്പെട്ട ജില്ലാ നേതാക്കള്‍ വരെ കാശുവാങ്ങുക എന്നത് അംഗീകരിക്കാനാവില്ല. മത്തായി മാഞ്ഞൂരാനെ മാടായിയില്‍ മത്സരിപ്പിച്ചു ജയിപ്പിച്ച പാര്‍ട്ടിയാണിത്. അവരുടെ പാര്‍ട്ടിക്ക് അവിടെ അംഗങ്ങള്‍ പോലും ഉണ്ടായിരുന്നില്ലെന്ന് കോടിയേരി ഓര്‍മ്മിപ്പിച്ചു.

ഇതോടെ അവസാനിക്കണം

ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഇതോടെ അവസാനിക്കണം. അതിനു പറ്റുന്ന രീതിയില്‍ കമ്മിറ്റി രൂപീകരിക്കണം. അവിഹിത സ്വത്തു സമ്പാദനത്തിന്റെ ഒട്ടേറെ കഥകള്‍ എറണാകുളം ജില്ലയില്‍ നിന്നും കേള്‍ക്കുന്നുണ്ട്. 65% നഗരവല്‍ക്കരണം നടന്ന ജില്ല എന്ന് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്. ഇതു വൈകാതെ 75% ആകും.

സ്വജനപക്ഷപാതം, അഴിമതി, വ്യക്തിഹത്യ എന്നിവയില്‍ നിന്നും പാര്‍ട്ടി മോചനം നേടണമെന്നും കോടിയേരി പറഞ്ഞു. പിറവം, തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍ തോല്‍വികള്‍ സംഭവിച്ചതിന്റെ കാരണം പാര്‍ട്ടി നേതാക്കളുടെ കൈയിലിരിപ്പു കൊണ്ടാണെന്ന് പിണറായി വിജയനും വിമര്‍ശിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com