'മുസ്ലിം ലീഗ് പിന്തുടരുന്നത് ജിന്നയുടെ ശൈലി; ജമാ അത്തെ ഇസ്ലാമിയുടെ ആത്മാവ് ലീഗില്‍ പ്രവേശിച്ചിരിക്കുന്നു'; രൂക്ഷവിമര്‍ശനവുമായി കോടിയേരി

വിഭജനകാല മുസ്ലിം ലീഗിന്റെയും ഇപ്പോഴത്തെ ജമാഅത്തെ ഇസ്ലാമിയുടെയും രാഷ്ട്രീയത്തിന്റെ ചാമ്പ്യന്മാരായി ലീഗ് നേതാക്കള്‍ മാറിയിരിക്കുകയാണ്
കോടിയേരി ബാലകൃഷ്ണന്‍/ഫയല്‍ ചിത്രം
കോടിയേരി ബാലകൃഷ്ണന്‍/ഫയല്‍ ചിത്രം

തിരുവനന്തപുരം: മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുസ്ലിം ലീഗ് പിന്തുടരുന്നത് ജിന്നയുടെ ലീഗിന്റെ ശൈലിയാണ്. ഇസ്ലാമിക രാഷ്ട്രത്തിന്റെ സംസ്ഥാപനത്തിനായി നിലകൊള്ളുന്ന ജമാ അത്തെ ഇസ്ലാമിയുടെ ആത്മാവ് മുസ്ലിം ലീഗില്‍ പ്രവേശിച്ചിരിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി ദിനപ്പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. 

1906 ഡിസംബറില്‍ ധാക്കയില്‍ രൂപംകൊണ്ട, ഇന്ത്യാ വിഭജനത്തിന് നിലകൊണ്ട മുസ്ലിംലീഗിന്റെ വഴി തീവ്ര വര്‍ഗീയതയുടേതായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയില്‍ മുസ്ലിം മാതൃരാജ്യമെന്ന മുദ്രാവാക്യം സംഘടന ഉയര്‍ത്തി. ബംഗാളിനെ വര്‍ഗീയ ലഹളയിലേക്ക് നയിച്ചു. അന്നത്തെ അക്രമശൈലി മറ്റൊരു രൂപത്തില്‍ കേരളത്തില്‍ അരങ്ങേറുന്നതിനാണ് മുസ്ലിംലീഗ് കോഴിക്കോട്ട് പ്രകോപനപരമായ റാലി നടത്തുകയും അതില്‍ പച്ചയായി വര്‍ഗീയത വിളമ്പുകയും ചെയ്തത്. 

വര്‍ഗീയ ലഹള ഉണ്ടാകാത്തത് ഇടതു ഭരണം ഉള്ളതിനാല്‍

മതം, വര്‍ണം, ജാതി, സമുദായം, ഭാഷ തുടങ്ങിയവയുടെ പേരില്‍ വെറുപ്പും വിദ്വേഷവും ശത്രുതയും ഉണ്ടാക്കുന്നതിനെതിരെ നിലകൊള്ളുന്നതാണ് ഇന്ത്യന്‍ ഭരണഘടന. അതിന്റെ സത്തയെ വെല്ലുവിളിക്കുന്ന നടപടികളിലാണ് മുസ്ലിംലീഗ്. അതിന്റെ വിളംബരമായിരുന്നു വഖഫ് ബോര്‍ഡ് നിയമനത്തിന്റെ പേരുപറഞ്ഞ് മുസ്ലിംലീഗ് കോഴിക്കോട്ട് നടത്തിയ സര്‍ക്കാര്‍ വിരുദ്ധ പ്രകടനവും സമ്മേളനവും. മതനിരപേക്ഷത നിലനിര്‍ത്താന്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന എല്‍ഡിഎഫ് ഭരണം ഉള്ളതുകൊണ്ടാണ് നാട് വര്‍ഗീയ ലഹളകളിലേക്ക് വീഴാത്തത്.

ലീഗിന്റെ സമരകോലാഹലം അന്വേഷണം വിലക്കാന്‍

സമൂഹത്തില്‍ മതവിദ്വേഷം സൃഷ്ടിക്കാനുള്ള അനഭിലഷണീയ നീക്കമാണ് കോഴിക്കോട് പ്രകടനത്തിലൂടെ ലീഗ് നേതൃത്വം നടത്തിയത്.
വഖഫ് ബോര്‍ഡിന്റെ നിയന്ത്രണവും നേതൃത്വവും വലിയൊരു കാലത്തോളം മുസ്ലിംലീഗിന് ആയിരുന്നു. ഈ കാലത്ത് വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടിട്ടുണ്ട്. അതിലുള്ള അന്വേഷണത്തെയും നിയമനടപടിയെയും വിലക്കാനാണ് ലീഗിന്റെ സമര കോലാഹലം. 

വിഭജനകാല മുസ്ലിം ലീഗിന്റെയും ഇപ്പോഴത്തെ ജമാഅത്തെ ഇസ്ലാമിയുടെയും രാഷ്ട്രീയത്തിന്റെ ചാമ്പ്യന്മാരായി മുസ്ലിംലീഗ് നേതാക്കള്‍ മാറിയിരിക്കുകയാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ അച്ഛന് പറയുക, അദ്ദേഹത്തിന്റെ മക്കളെയും കുടുംബാംഗങ്ങളെയും അധിക്ഷേപിക്കുക തുടങ്ങിയ കാളകൂടവിഷം ലീഗ് ചീറ്റുന്നത്. ഈ വിഷയത്തില്‍ കോണ്‍ഗ്രസിലെ ഒരു നേതാവും ലീഗിനെ തള്ളിപ്പറയാനോ തിരുത്തിക്കാനോ തയ്യാറായിട്ടില്ല. ഇത് കോണ്‍ഗ്രസ് അകപ്പെട്ടിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയുടെയും സാംസ്‌കാരിക ച്യുതിയുടെയും തെളിവാണ്.

വിശ്വസിക്കാവുന്ന ഹിന്ദുവാണ് തങ്ങളെന്ന് സ്ഥാപിക്കാന്‍ രാഹുലിന്റെ ശ്രമം

ഇന്ത്യയിലെ വലിയ പ്രതിപക്ഷ പാര്‍ടിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്, ബിജെപിയുടെ ഹിന്ദുരാഷ്ട്രത്തെ എതിര്‍ക്കുന്നതിലും തുറന്നു കാട്ടുന്നതിലും വന്‍ പരാജയമാണ്. ഹിന്ദുത്വ വര്‍ഗീയതയുടെ വിപത്ത് തുറന്നുകാട്ടുന്നതിനല്ല, ബിജെപിയേക്കാള്‍ വിശ്വസിക്കാവുന്ന ഹിന്ദുവാണ് തങ്ങളെന്ന് സ്ഥാപിക്കുന്നതിനാണ് രാഹുലിന്റെയും കൂട്ടരുടെയും യത്‌നം. രാഹുല്‍ ഗാന്ധിയുടെ ജയ്പുര്‍ റാലിയും മുസ്ലിംലീഗിന്റെ വഖഫ് ബോര്‍ഡ് നിയമനവിരുദ്ധ കോഴിക്കോട് റാലിയും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വഴിതെറ്റലുകളുടെ ചൂണ്ടുപലകയാണ്. രണ്ടും മതനിരപേക്ഷ രാഷ്ട്രീയത്തിനുമേലുള്ള അപായമണി മുഴക്കലാണ്.

എന്തോ ലീഗിന് മിണ്ടാട്ടമില്ലാത്തത് ? 

ആര്‍എസ്എസിന്റെ ഹിന്ദുരാഷ്ട്ര വാദത്തെ പരോക്ഷമായും ഒരു പരിധിവരെ പ്രത്യക്ഷമായും പിന്താങ്ങുന്നതാണ്  കോണ്‍ഗ്രസ് നേതാവിന്റെ 'ഹിന്ദുരാജ്യം' 'ഹിന്ദുക്കളുടെ ഭരണം' എന്ന ആശയം. ഭരണഘടന വിഭാവനം ചെയ്യുന്ന ഇന്ത്യയില്‍ ഏതെങ്കിലും ജാതിക്കോ മതത്തിനോ മുന്‍ഗണനയില്ല. അതിനാല്‍ ഹിന്ദുരാഷ്ട്രസങ്കല്‍പ്പത്തെ നഖശിഖാന്തം എതിര്‍ക്കുകയും ഒറ്റപ്പെടുത്തുകയുമാണ് ആവശ്യം. ന്യൂനപക്ഷങ്ങളുടെ പേരില്‍ ചന്ദ്രഹാസമിളക്കുന്ന മുസ്ലിംലീഗിന് എന്താ ഇക്കാര്യത്തില്‍ മിണ്ടാട്ടമില്ലാത്തത്. മൃദുഹിന്ദുത്വ നയം വന്‍ അപകടമാണെന്ന് പറയുന്നതിനുള്ള ഉള്ളുറപ്പുപോലുമില്ലാത്ത മുസ്ലിംലീഗ് എങ്ങനെ ന്യൂനപക്ഷ സംരക്ഷണ പാര്‍ടിയാകും. ലേഖനത്തില്‍ കോടിയേരി ചോദിക്കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com