മുന്‍ എംഎല്‍എയുടെ മകന് ആശ്രിത നിയമനം; അപ്പീലുമായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th December 2021 12:14 PM  |  

Last Updated: 18th December 2021 12:14 PM  |   A+A-   |  

supreme court of india

സുപ്രീംകോടതി /ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: അന്തരിച്ച ചെങ്ങന്നൂര്‍ എംഎല്‍എ കെകെ രാമചന്ദ്രന്‍ നായരുടെ മകന് സര്‍ക്കാര്‍ സര്‍വീസില്‍ ആശിത നിയമനം നല്‍കിയതു റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നിയമനത്തിനായി പ്രത്യേക തസ്തിക രൂപീകരിക്കാന്‍ മന്ത്രിസഭയ്ക്ക് അധികാരമുണ്ടെന്നും ഇക്കാര്യം പരിശോധിക്കുന്നതില്‍ ഹൈക്കോടതിക്കു പിഴവു പറ്റിയെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു.

എംഎല്‍എമാരുടെ മക്കളുടെ ആശ്രിത നിയമനം അംഗീകരിച്ചാല്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മക്കള്‍ക്കു വരെ ആശ്രിത നിയമനം നല്‍കുന്ന സാഹചര്യമുണ്ടാവുമെന്ന് വിലയിരുത്തിയാണ്, ഹൈക്കോടതി നിയമനം റദ്ദാക്കിയത്. ഇതു യോഗ്യരായ ഉദ്യോഗസ്ഥാര്‍ഥികളുടെ അവകാശ ലംഘനമാവുമെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ പൊതുതാത്പര്യ ഹര്‍ജിയില്‍ നിയമനം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

പൊതുമരാമത്ത് വകുപ്പിലാണ് കെകെ രാമചന്ദ്രന്‍ നായരുടെ മകന്‍ പ്രശാന്തിന് നിയമനം നല്‍കിയത്. എന്‍ജിനിയറിങ് ബിരുദധാരിയായ പ്രശാന്തിനെ പൊതുമരാമത്ത് വകുപ്പില്‍ പ്രത്യേക തസ്തിക സൃഷ്ടിച്ചാണ് അസിസ്റ്റന്റ് എന്‍ജിനിയര്‍ തസ്തികയില്‍ നിയമിച്ചത്. പാലക്കാട് സ്വദേശി അശോക് കുമാറിന്റെ ഹര്‍ജിയിലാണ്, ഹൈക്കോടതി നിയമനം റദ്ദാക്കിയത്. എംഎല്‍എ സര്‍ക്കാര്‍ ജീവനക്കാരന്‍ അല്ലാത്തതിനാല്‍ മകന് ആശ്രിത നിയമനത്തിന് വ്യവസ്ഥയില്ലെന്നും നിയമസഭാ സീറ്റ് ആവശ്യപ്പെടാതിരിക്കാന്‍ മകന് ജോലി നല്‍കുകയായിരുന്നു എന്നുമാണ് ഹര്‍ജിക്കാരന്‍ വാദിച്ചത്.