'ഇവിടെ ഒന്നും നടക്കില്ല'- ആ ചിന്തയെല്ലാം മാറിയെന്ന് പിണറായി ; എതിര്‍ക്കുന്നവരെ കാര്യം ബോധ്യപ്പെടുത്തി

'ഇവിടെ ഒന്നും നടക്കില്ല'- ആ ചിന്തയെല്ലാം മാറിയെന്ന് പിണറായി ; എതിര്‍ക്കുന്നവരെ കാര്യം ബോധ്യപ്പെടുത്തി
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ഏത് പുതിയ കാര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുമ്പോഴും ചിലരതിനെ എതിര്‍ക്കുന്നുവെന്ന വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

എതിര്‍പ്പിന്റെ കാരണം ശാസ്ത്രീയമായി അപഗ്രഥനം ചെയ്യുക എതിര്‍പ്പിന്റെ വശങ്ങളെന്താണെന്ന് കൃത്യമായി മനസിലാക്കുക അങ്ങനെ മുന്നോട്ട് പോകാന്‍ തയ്യാറായാല്‍ ഇത്തരം എതിര്‍പ്പുകളെ നേരിടാന്‍ സാധിക്കും എന്നാണ് കഴിഞ്ഞ സര്‍ക്കാരിന്റെ അനുഭവം. ദേശീയ പാത വികസനം, ഗെയില്‍ പൈപ്പ് ലൈന്‍, കൊച്ചി- ഇടമണ്‍ പവര്‍ ഹൈവേ ഇങ്ങനെ പല കാര്യങ്ങളിലും അതിശക്തമായ എതിര്‍പ്പുണ്ടായിരുന്നു.

പക്ഷേ ആ എതിര്‍പ്പില്‍ കാര്യമില്ലെന്ന് എതിര്‍ക്കുന്നവരോട് കാര്യ കാരണ സഹിതം പറയുകയും നമ്മുടെ നാടിന്റെ ഭാവിയ്ക്ക്, നല്ല നാളേയ്ക്ക്, വരും തലമുറയ്ക്ക് ഈ പദ്ധതികള്‍ ഒഴിച്ചുകൂടാനാകാത്തതാണ് എന്ന് അവരോട് വിശദീകരിക്കുകയും ചെയ്തപ്പോള്‍ എതിര്‍ത്തവര്‍ തന്നെ നല്ല മനസോടെ പദ്ധതിയെ അനുകൂലിക്കാനും സഹായിക്കാനും അതിന്റെ ഭാഗമാകാനും തയ്യാറായി മുന്നോട്ടു വന്നു എന്നതാണ് നമ്മുടെ അനുഭവം. 

ഇത്തരം പദ്ധതികളുടെ ഗുണ ഫലം അനുകൂലിക്കന്നവര്‍ക്ക് മാത്രമല്ല എതിര്‍ക്കുന്നവര്‍ക്കും ലഭ്യമാകുന്നു എന്നത് ഒരു പ്രത്യേകതയാണ്. ഇത്തരത്തിലുള്ള പല എതിര്‍പ്പുകള്‍ കാരണം നാടിന് വേണ്ട പലതും നടപ്പാക്കാതിരിക്കാന്‍ കഴിഞ്ഞപ്പോള്‍ കേരളത്തിലുണ്ടായ പൊതു ചിന്ത ഇവിടെ ഒന്നും നടക്കില്ല എന്നതായിരുന്നു ഒരു ശാപത്തോടെയുള്ള വാക്കുകള്‍. 

എന്നാല്‍ സ്ഥിതി മാറുകയും കാര്യങ്ങള്‍ നടപ്പാകാനാകും എന്ന നില വന്നപ്പോള്‍ അതേ ആളുകള്‍ തന്നെ ഇവിടെ പലതും നടക്കും എന്ന ആത്മവിശ്വാസത്തിലേക്ക് എത്തി. ആദ്യം നിരാശയായിരുന്നെങ്കിലും പിന്നീട് പ്രത്യാശയുടെ വാക്കുകളാണ് വന്നത്. 

കേരളത്തില്‍ ഇനി നടക്കുകയേ ഇല്ല എന്നു കരുതിയ പലതും ഉണ്ടായിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ നമ്മുടെ സമൂഹവും സമൂഹത്തിലെ ആളുകളും ഇതിനൊന്നിനും എതിരല്ല. അവരെല്ലാം ആഗ്രഹിക്കുന്നത് ഇത്തരം കാര്യങ്ങള്‍ നടപ്പാകണം എന്നാണ്. അതിനെല്ലാം രൂപം കൊടുക്കാന്‍ കഴിഞ്ഞു എന്നതിലാണ് ഈ സര്‍ക്കാരിന് ചാരിതാര്‍ത്ഥ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com