'ലൈക്ക് ചെയ്ത് പ്രോത്സാഹിപ്പിക്കും പക്ഷേ... സാമൂഹിക മാധ്യമത്തിലൂടെ തോന്നിയതു പറഞ്ഞാൽ ആരും ചോദിക്കില്ലെന്ന് കരുതേണ്ട'- ഹൈക്കോടതി

'ലൈക്ക് ചെയ്ത് പ്രോത്സാഹിപ്പിക്കും പക്ഷേ... സാമൂഹിക മാധ്യമത്തിലൂടെ തോന്നിയതു പറഞ്ഞാൽ ആരും ചോദിക്കില്ലെന്ന് കരുതേണ്ട'- ഹൈക്കോടതി
ഹൈക്കോടതി /ഫയല്‍ ചിത്രം
ഹൈക്കോടതി /ഫയല്‍ ചിത്രം

കൊച്ചി: സാമൂഹിക മാധ്യമങ്ങളിൽ യാതൊരു ഉത്തരവാദിത്വവുമില്ലാതെ എന്തും പറയാമെന്നത് ഈ കാലഘട്ടത്തിലെ ദുരവസ്ഥയാണെന്ന് ഹൈക്കോടതി. നല്ല മനുഷ്യരുടെ കൈയിൽ സാമൂഹിക മാധ്യമം മികച്ചതാണ്. എന്നാൽ, മറ്റുചിലർക്ക് ഇത് അവരുടെ ഹീനമായ അഭിരുചികൾ പ്രകടിപ്പിക്കാനുള്ള ഇടമായി മാറുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ മോശം പറഞ്ഞാൽ ആരും ചോദിക്കാൻ ഇല്ല എന്നു കരുതരുതെന്നും കോടതി ഓർമിപ്പിച്ചു. 

മോൻസൻ കേസിൽ ഹൈക്കോടതിയുടെ ഉത്തരവിനെ വിമർശിച്ച് മുൻ സബ് ജഡ്ജിയായിരുന്ന എസ് സുദീപ് ഫെയ്‌സ് ബുക്കിലിട്ട കുറിപ്പിനെ മുൻനിർത്തിയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിമർശനം. ജഡ്ജിയെപ്പോലും വ്യക്തിപരമായി ആക്രമിക്കുന്ന ഫെയ്‌സ്ബുക്ക് കുറിപ്പിൽ കോടതിയലക്ഷ്യത്തിന് കേസെടുക്കേണ്ടതായിട്ടും മുൻ ജുഡീഷ്യൽ ഓഫീസർക്ക് വിശദീകരണത്തിന് അവസരം നൽകി. അതിനെയും തത്‌ക്ഷണം അപഹസിച്ചു കൊണ്ട് സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടു.

സ്വയം ഒരു രക്തസാക്ഷിയായി ചിത്രീകരിക്കാനുള്ള ശ്രമവുമുണ്ടായി. നിഷേധിയുടെ മാനസികാവസ്ഥയാണിത്, അവർക്ക് ഒന്നും വിശദീകരിക്കാനുണ്ടാകില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വലിയ ഇടമാണ് ഇന്റർനെറ്റ്. താൻ അതിന്റെ വലിയ ആരാധകനുമാണ്. എന്നാൽ, ഇത്തരം വ്യക്തികൾ ഈ സ്വാതന്ത്ര്യത്തെ അതിന്റെ അങ്ങേയറ്റത്തേക്കെത്തിക്കുന്നു. അവരെ പ്രോത്സാഹിപ്പിച്ച് ലൈക്കുകളും കമന്റുകളുമിടാൻ സൈബർ സുഹൃത്തുക്കളുമുണ്ട്. എന്നാൽ, അതിന്റെ ആത്യന്തികമായ ഫലം അനുഭവിക്കാൻ ആരുമുണ്ടാകില്ല. സ്വാതന്ത്ര്യത്തെക്കുറിച്ച് ശരിയായി ചിന്തിക്കുന്നവർ പോലും ഓൺലൈൻ സ്പേസിൽ നിയന്ത്രണം ആവശ്യമാണെന്ന് കരുതിപ്പോകുന്നത് ഇതിനാലാണ്.

മുൻ ജുഡീഷ്യൽ ഓഫീസർ ശ്രദ്ധപിടിച്ചുപറ്റാനായി നിരന്തരമായി ഒരോന്ന് പറയുകയാണ്. കോടതിയുടെ ചെലവിൽ അദ്ദേഹം പ്രശസ്തി നേടേണ്ടതില്ല. അതിനാൽ കോടതിയിൽ നേരിട്ട് ഹാജരാകാനായി പുറപ്പെടുവിച്ച സമൻസ് റദ്ദാക്കുകയാണെന്നും ഹൈക്കോടതി വ്യക്തമാക്കി. നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും സുദീപ് വ്യാഴാഴ്ച കോടതിയിൽ ഹാജരായില്ല. സുദീപിന്റെ സമൂഹിക മാധ്യമത്തിലെ പോസ്റ്റുകളിൽ ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ നടപടി സ്വീകരിക്കാൻ രജിസ്ട്രിയോട് കോടതി നിർദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com