മുംബൈ മലയാളിയിൽ നിന്ന് മൂന്നേകാൽ കോടി തട്ടി; മാണി സി കാപ്പനെതിരെ കേസെടുത്ത് കോടതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th February 2021 07:10 AM |
Last Updated: 06th February 2021 07:15 AM | A+A A- |

മാണി സി കാപ്പന്‍ / ഫയല്‍ ചിത്രം
കൊച്ചി; വഞ്ചനാക്കേസിൽ പാലാ എംഎൽഎ മാണി സി കാപ്പനെതിരെ കേസെടുത്ത് കോടതി. മുംബൈ മലയാളി ദിനേശ് മേനോൻ നൽകിയ പരാതിയിൽ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രീറ്റ് കോടതിയുടേതാണ് നടപടി. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്ദാനം നൽകി മൂന്നേകാൽ കോടി തട്ടിയെന്നാണ് കേസ്
വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കാപ്പനെതിരെ കേസെടുത്തിരുക്കുന്നത്. മാണി സി കാപ്പനോട് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി നോട്ടീസയച്ചു. പ്രാഥമികമായി കുറ്റങ്ങൾ നില നിൽക്കുമെന്ന് കോടതി അറിയിച്ചു.
എന്നാൽ പരാതിക്കാരനെതിരെ വിമർശനവുമായി കാപ്പൻ രംഗത്തെത്തി. തെരഞ്ഞെടുപ്പ് വരുന്ന കാലഘട്ടങ്ങളിൽ തനിക്കെതിരെ കേസ് കൊടുക്കുന്ന ആളാണ് ഹർജിക്കാരൻ ദിനേശ് മേനോനെന്നാണ് മാണി സി കാപ്പൻ പറയുന്നത്. കഴിഞ്ഞ എല്ലാ തെരഞ്ഞെടുപ്പുകളിലും ഇദ്ദേഹം കേസുമായി രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പ് സമയത്തും ഇദ്ദേഹം പാലായിൽ സ്വകാര്യ ഹർജി നൽകിയിരുന്നു. കേസിനെ നിയമപരമായി നേരിടുമെന്നും മാണി സി കാപ്പൻ അറിയിച്ചു.